ദുബായിൽ വീട്ടിൽ പാർട്ടി നടത്തിയവർക്ക് 50,000 ദിർഹം പിഴ

ദുബായ്: കോവിഡ് പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച് അപ്പാർട്ട്മെന്‍റിൽ പാർട്ടി നടത്തിയവർക്കെതിരേ 50,000 ദിർഹം പിഴ ചുമത്തി. ടൂറിസം ഡിപ്പാർട്ട്മെന്‍റുമായി ചേർന്ന് ദുബായ് പൊലീസ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതിരിക്കുകയും മാസ്ക് ധരിക്കാതിരിക്കുകയും ചെയ്തതായി പൊലീസ്. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം 15,000 ദിർഹം വീതം പിഴയൊടുക്കണം.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുബായ് പൊലീസ് നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ഉല്ലാസ നൗകയിൽ വിരുന്നൊരുക്കിയവർക്കെതിരേ കഴിഞ്ഞദിവസം 50000 ദിർഹം പിഴ ചുമത്തിയിരുന്നു. നൗകയുടെ ലൈസൻസ് ഒരുമാസത്തേക്ക് റദ്ദാക്കുകയുമുണ്ടായി.

ദുബായ് ദുരന്തനിവാരണ സമിതി ഫെബ്രുവരി രണ്ടുമുതൽ കർശനമായ കോവിഡ് നിയന്ത്രണ ചട്ടങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പബ്ബുകളും ബാറുകളും അടച്ചുപൂട്ടി. ഹോട്ടലുകളിൽ 70 ശതമാനം പേർക്കു മാത്രമേ അനുമതിയുള്ളൂ. റസ്റ്ററന്‍റുകളും കഫേകളും പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കാം. അതേസമയം, പരിസരങ്ങളിൽ ആളുകൂടുന്ന പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനം 901 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു.

ജനുവരി 31 മുതൽ ഫെബ്രുവരി ഒന്നുവരെയുള്ള കാലയളിവിൽ ആയിരം കോവിഡ് ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ്.