
ദുബായ്: ഏതാനും ആഴ്ചകളായി കോവിഡ് വ്യാപനതോത് കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരേ നടപടി ഊർജിതമാക്കി യുഎഇ. കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെക്കുറിച്ച് പൊലീസിന് വിവരം നൽകാൻ പൊതുജനം തയാറാകണമെന്ന് അധികൃതർ. നിയമലംഘനങ്ങൾ 901 എന്ന പൊലീസ് കോൾസെന്റർ നമ്പറിലോ പൊലീസ് ഐ സർവീസ് വഴിയോ അറിയിക്കാവുന്നതാണ്.
അധികൃതർ നൽകുന്ന പ്രകാരമുള്ള കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കാനും നടപ്പാക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്ന് ദുബായ് പൊലീസ് അറിയിച്ചു.
അതേസമയം, മൂവായിരത്തിന് താഴെ കോവിഡ് കേസുകളാണ് ഞായറാഴ്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12നുശേഷം ഇതാദ്യമായാണ് വ്യാപനതോത് ഇത്രയും കുറയുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2948 കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ശനിയാഴ്ച 3647 ഉം വെള്ളിയാഴ്ച 3962 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് വ്യാപനം തുടങ്ങിയശേഷം ആകെ 303609 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 850.