ദുബായ്: യുഎൻ മനുഷ്യാവകാശ സംഘടനയുടേതുൾപ്പെടെ ആഗോളതലത്തിലുയർന്ന പ്രതിഷേധങ്ങളെ പൂർണമായും തള്ളി ബലൂച് വംശജനായ രാഷ്ട്രീയ തടവുകാരൻ ജാവേദ് ദേഹ്ഗാൻ ഖാലിദിനെ ഇറാൻ തൂക്കിലേറ്റി. ഭരണകൂടവിരുദ്ധ സംഘടനകളോടു ചേർന്നു പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് ശനിയാഴ്ച രാവിലെ മുപ്പത്തൊന്നുകാരനായ ഖാലിദിന്റെ വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ ഇറാനിലെ ജയിലിൽ കഴിയുകയായിരുന്നു.
വധശിക്ഷ നടപ്പാക്കരുതെന്ന് യുഎൻ ആവശ്യപ്പെട്ടതിനു പിറ്റേന്നാണ് തൂക്കിലേറ്റിയതെന്നും ശ്രദ്ധേയം. വിവിധ ന്യൂനപക്ഷ സംഘടനകളിൽപ്പെടുന്ന 28 ആക്റ്റിവിസ്റ്റുകളെ അടുത്തിടെ ഇറാൻ തൂക്കിലേറ്റിയതിനെതിരേ ശക്തമായ പ്രതിഷേധം പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഖാലിദിന്റെ വധശിക്ഷ മാറ്റിവയ്ക്കാൻ ആംനസ്റ്റി ഇന്റർനാഷണലും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല ഖമനേയിയോട് ആവശ്യപ്പെട്ടിരുന്നു.
നീതിപൂർവമല്ലാത്ത വിചാരണയ്ക്കിരയാക്കിയാണ് ഖാലിദിനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇറാന്റെ രണ്ടു സൈനികരെ വധിച്ച കേസിൽ ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചത്. ഖാലിദിനെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കിയിരുന്നതായും ആംനസ്റ്റി ആരോപിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് 19 ബലൂചി യുവാക്കളെ ഇറാൻ തൂക്കിലേറ്റിയിരുന്നു. ഇതിൽ നാലുപേർക്കെതിരേ രാഷ്ട്രീയകുറ്റമാണ് ആരോപിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സിസ്താൻ- ബലൂച്സ്ഥാൻ പ്രവിശ്യ കാലങ്ങളായി കറുപ്പ് കള്ളക്കടത്തുകാരുടെയും വിഘടനവാദികളുടെയും കേന്ദ്രമാണ്. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന സംഘർഷ മേഖലയാണ് ഇവിടം.