മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്ഫുട്നിക്ക് വി അംഗീകരിച്ച് ഇറാൻ. പൗരന്മാർക്ക് ഈ വാക്സിൻ നൽകാനുള്ള അംഗീകരം നൽകിയതായി ഇറേനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫ് അറിയിച്ചു. ഉടൻതന്നെ റഷ്യയിൽനിന്ന് വാക്സിൻ വാങ്ങാനും സംയുക്ത നിർമാണത്തിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ഷരീഫ് മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
യുഎസിൽനിന്നും ബ്രിട്ടനിൽനിന്നുമുള്ള കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരേ കഴിഞ്ഞദിവസം ഇറേനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്തെത്തിയിരുന്നു. പരമോന്നത ആത്മീയ നേതാവ് ആയത്തൊല്ല ഖമനേയിയുടെ നിലപാട് പിൻപറ്റിക്കൊണ്ടായിരുന്നു ഇത്. മാത്രമല്ല, എത്രയും പെട്ടെന്ന് ഇറാൻ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുമെന്നും റൂഹാനി അറിയിച്ചു.