ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നിൽ സ്വകാര്യ പാർട്ടികളും മറ്റ് ഒത്തുചേരലുകളുമെന്ന് ദുബായ് പൊലീസ്. വീടുകളിലും ഹാളുകളിലും നടന്ന ഇത്തരം ചടങ്ങുകളാണ് പോസിറ്റിവ് കേസുകൾ വർധിക്കാനിടയാക്കിയതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ഛീഫ് ലഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും വ്യാപനത്തിന് തടയിടാനാകാതെ പോയത് സ്വാകാര്യ ചടങ്ങുകൾ വർധിച്ചതിനാലാണ്. ഇത്തരം കൂടിച്ചേരലുകളിൽ സാമൂഹകി അകലം പാലിക്കുന്നതിലും മാസ്ക്കിടുന്നതിലും വീഴ്ചയുണ്ടായി. പൊതു ഇടങ്ങളിൽ ആളുകൾ ഈ നിയമങ്ങൾ പാലിക്കാറുണ്ടെങ്കിലും സ്വകാര്യചടങ്ങുകളിൽ വീഴ്ചവരുത്തുന്നു. സമൂഹത്തിന്റെ പിന്തുണയില്ലാതെ പകർച്ചവ്യാധിയെ തടയാനാകില്ല.
നിയമാനുവാദമുള്ളതിൽ കൂടിയ ആളുകളാണ് പല ചടങ്ങുകളിലും ഒത്തുചേർന്നത്. 40 പേർക്ക് അനുമതിയുള്ളിടത്ത് 80 പേർ വരെയെത്തുന്നു. നിബന്ധനകൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും പരിപാടികൾക്കെത്തുന്നവർ രോഗബാധിതരല്ലെന്ന് ഉറപ്പു വരുത്തണമെന്നും പൊലീസ് മേധാവി ആവശ്യപ്പെട്ടു.
രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദുബായ് അധികൃതർ നിയമങ്ങൾ കർശനമാക്കിയിരുന്നു. വിവാഹച്ചടങ്ങുകളിൽ പത്തുപേരെയായി നിജപ്പെടുത്തുകയും ഹാളുകളിലും കപ്പലുകളിലുമായുള്ള പരിപാടികൾക്ക് വിലക്കേർപ്പെടുത്തുകയുമുണ്ടായി. മാത്രമല്ല, റസ്റ്ററുന്റുകളിൽ മേശകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററാക്കി ക്രമപ്പെടുത്തി. ഫിറ്റ്നസ് കേന്ദ്രങ്ങളിലും സാമൂഹിക അകലം മൂന്നു മീറ്ററാക്കിയിരുന്നു.