ദോഹ: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിൽ ഉടൻ സൗദി എംബസി പുനരാരംഭിക്കും. ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം മൂന്നരവർഷങ്ങൾക്കൊടുവിൽ ജിസിസി ഉച്ചകോടിയിൽ പിൻവലിച്ചതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. സൗദിക്കു പുറമേ ഈജിപ്റ്റ്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഉപരോധം പിൻവലിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.
ഖത്തറിൽ ഉടൻ എംബസി പുനരാരംഭിക്കുന്ന കാര്യം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് സ്വകാര്യ ചാനലിനോടു സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തിയത്. ഉപകരണങ്ങളടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള സമയപ്രശ്നം മാത്രമേ ബാക്കിയുള്ളൂവെന്ന് അദ്ദേഹം ഇതിനു മുൻപും സൂചിപ്പിച്ചിരുന്നു.
എംബസി തുറക്കുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടിയിലെ നയതന്ത്ര ബന്ധം വീണ്ടും പഴയപടിയാകുമെന്നാണ് പ്രതീക്ഷിക്കന്നത്. ഖത്തറിലുള്ളവർക്ക് ഉടൻതന്നെ ഉംറയ്ക്കെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധ കാലത്ത് ഉംറയ്ക്കും ഹജിനും ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ഉപരോധങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ സൗദി വിമാനക്കമ്പനിയായ സൗദിയയും ഖത്തർ എയർവേയ്സും സർവീസുകൾ തുടങ്ങിയിരുന്നു. മാത്രമല്ല, അതിർത്തികടന്നുള്ള വാഹന ഗതാഗതവും പുനസ്ഥാപിച്ചിരുന്നു.