സൗദിക്ക് രണ്ടു കോവിഡ് വാക്സിനുകൾ കൂടി

ജിദ്ദ: ആസ്ട്ര സെനീക്ക, മോഡേണ എന്നീ കമ്പനികൾ വികസിപ്പിച്ച രണ്ടു പുതിയ വാക്സിനുകൾക്കു കൂടി സൗദി ആരോഗ്യമന്ത്രലായത്തിന്‍റെ അനുമതി. ഫൈസർ/ ബയോ എൻടെക്ക് വാക്സിനാണ് ഇപ്പോൾ സൗദിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ, രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം കൂടുതൽ ഊർജസ്വലമാകും.

കോവിഡ് വാക്സിൻ ലഭിക്കുന്നതിനായി ലോകത്ത് വൻ മത്സരമാണ് അരങ്ങേറുന്നതെന്നും ഫൈസർ വാക്സിന് വൻ ഡിമാൻഡാണുള്ളതെന്നും ആരോഗ്യമന്ത്രാലയം കിഴക്കൻ പ്രവിശ്യാ ഡയറക്റ്റർ ജനറൽ ഇബ്രാഹിം അൽ ഒറൈഫി അറിയിച്ചു. അതേസമയം സൗദി ഭരണകൂടം വലിയതോതിൽ വാക്സിനുകൾ സംഭരിച്ചിട്ടുണ്ടെന്നും രാജ്യത്തെ വാക്സിനേഷൻ പദ്ധതി ഊർജിതമാക്കിയെന്നും അദ്ദേഹം. വാക്സിൻ കേന്ദ്രങ്ങളുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാക്സിൻ വിതരണം വേഗത്തിലാക്കാനും കൂടുതൽ ആളുകളിലേക്കെത്തിക്കാനും സാധിച്ചു.

അൽ അഹ്സയിൽ ഉടൻ പുതിയ വാക്സിനേഷൻ കേന്ദ്രം തുടങ്ങും. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽതന്നെ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും. ഹഫർ അൽ ബാതിനിൽ അടുത്ത മാസത്തോടു മറ്റൊരു വാക്സിൻ കേന്ദ്രം കൂടി തുറക്കാനായേക്കുമെന്ന് ഒറൈഫി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ നാലുലക്ഷം പേർ വാക്സിനേഷനു വേണ്ടി ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ 60,000 പേർക്കാണ് പ്രതിരോധകുത്തിവയ്പ്പ് നൽകാനായത്. രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്തവർ 20 ലക്ഷത്തിലേറെ വരും.

കഴിഞ്ഞമാസത്തെ കണക്കുവച്ച് ആഴ്ചതോറും ഫൈസർ/ ബയോഎൻടെക്കിന്‍റെ ഒരുലക്ഷം വാക്സിനാണ് സൗദി ആരോഗ്യമന്ത്രാലയം വാങ്ങുന്നത്. രാജ്യത്തെ 80 ശതമാനം പേരെയും വാക്സിനേഷനു വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഇതിനിടെ, ആറു കോവിഡ് മരണങ്ങൾക്കൂടി തിങ്കളാഴ്ച രേഖപ്പെടുത്തി. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 6,329 ആയി. 170 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 365,099.