‘റിയാദ് ഒയാസീസ്’ ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

റിയാദ്: സൗദിയില്‍ വന്‍കിട വിനോദ പരിപാടികള്‍ക്ക് റിയാദ് ഒയാസിസ് വാണിജ്യ ടൂറിസം ഫെസ്റ്റിവലോടെ തുടക്കമിട്ടു . ‘റിയാദ് ഒയാസീസ്’ എന്ന പേരില്‍ മൂന്നു മാസം നീളുന്ന ആദ്യ പരിപാടിക്കാണ് ഞായറാഴ്ച തിരി തെളിഞ്ഞത് . മേള ഏപ്രില്‍ 12ന് സമാപിക്കും. ടൂറിസവും എണ്ണേതര വരുമാനവും ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് മേളയുടെ മുഖ്യ ആകര്‍ഷണം . സൗദിയിലെ ജനറല്‍ എന്റര്‍ടെയിന്റ്‌മെന്റ് അതോറിറ്റിക്ക് കീഴിലാണ് പരിപാടികള്‍.

വിനോദ പരിപാടികളില്‍ 15 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനമില്ല. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്. ലോകോത്തര ഭക്ഷണശാലകള്‍ക്കും ഇവിടെ സ്റ്റാളുകളുണ്ട്. ഇവിടെയൊരുക്കിയ സ്‌പെഷ്യല്‍ ടെന്റുകളും ബുക്ക് ചെയ്യാം. കോവിഡ് സാഹചര്യവും പ്രോട്ടോകോളും പാലിക്കേണ്ടതിനാല്‍ ആ തരത്തിലാണ് ക്രമീകരണം. enjoy.sa എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.500 റിയാല്‍ മുതലാണ് പ്രവേശന നിരക്ക്.

റിയാദ് നഗരത്തിന് വടക്കുഭാഗത്ത് അല്‍അമാരിയ, ദറഇയ ഡിസ്ട്രിക്ടുകള്‍ക്ക് ഇടയിലാണ് റിയാദ് ഒയാസിസ് ഉത്സവ നഗരി. സൗദി തലസ്ഥാന നഗര മധ്യത്തില്‍ നിന്ന് 50 കിലോമീറ്ററകലെയാണ് ഇത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ് പരിപാടികള്‍. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് ഒന്നിന് പരിപാടി തുടങ്ങും.