അതിർത്തി കടന്ന് ആദ്യ ഖത്തർ സംഘം

ജിദ്ദ: മൂന്നരവർഷത്തിനിടെ ഇതാദ്യമായി ഖത്തറുകാർ വാഹനമോടിച്ച് സൗദി അതിർത്തി കടന്നു. ഞങ്ങളുടെ രണ്ടാം ജന്മരാജ്യത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നായിരുന്നു ആദ്യം അതിർത്തി കടന്ന വാഹനത്തിലുള്ളവർ പ്രതികരിച്ചത്. അതിർത്തികടക്കാനുള്ള നടപടിക്രമങ്ങൾ ലളിതമായിരുന്നെന്നും അധികൃതർ വളരെ സഹകരണത്തോടെയാണ് പെരുമാറിയതെന്നും അബു സമ്ര- സാൽവ അതിർത്തിയിലൂടെ സൗദിയിലേക്കു പ്രവേശിച്ചശേഷം ഇവർ പറഞ്ഞു.

ഉപരോധ പ്രതിസന്ധി തീർന്നത് നന്നായെന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും രണ്ടാമതായി അതിർത്തി കടന്നവർ പ്രതികരിച്ചു. ആദ്യ ദിവസമായ ശനിയാഴ്ച 70 വാഹനങ്ങളാണ് ഖത്തറിൽനിന്ന് സൗദിയിലേക്കെത്തിയത്. 20 വാഹനങ്ങൾ തിരിച്ചു ഖത്തറിലേക്കും പോയതായി അതിർത്തി നിയന്ത്രണ ചുമതലയുള്ള അലി അൽ അക്‌ലബി പറഞ്ഞു.

കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള പരിശോധനകൾ ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നവർക്ക് നിർബന്ധമാണ്. ഖത്തറിൽനിന്ന് എത്തുന്നവർ കോവിഡ് നെഗറ്റീവ് ഫലവുമായാണ് എത്തേണ്ടത്. തുടർന്ന് ചെക്ക് പോയിന്‍റിൽ വീണ്ടും പരിശോധനയ്ക്കു വിധേയരാകണം. കൂടാതെ ഏഴുദിവസം സൗദിയിൽ ക്വാറന്‍റീനിൽ കഴിയുകയും വേണം. തിരിച്ചു ഖത്തറിലേക്കു പ്രവേശിക്കുന്നവർക്കും ഇതേ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിൽ ഒരാഴ്ച ക്വാറന്‍റീനും വേണം.

മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധം കഴിഞ്ഞയാഴ്ച അൽഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ പിൻവലിച്ചിരുന്നു.