ദോഹ: മൂന്നരവർഷത്തിനു ശേഷം ഇതാദ്യമായി സൗദിയിലേക്കുള്ള ഖത്തർ വിമാനം ജനുവരി 11ന് പുറപ്പെടും. ദോഹയിൽനിന്ന് ഉച്ചതിരിഞ്ഞ് 2.50ന് പുറപ്പെടുന്ന വിമാനം 3.30ന് റിയാദിലെത്തും. വിമാനത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
ഖത്തറിനെതിരേ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ സൗദി അറേബ്യയിലെ അൽഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ തീരുമാനമായതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞദിവസം മുതൽ ഖത്തർ വിമാനങ്ങൾ സൗദിക്കു മുകളിലൂടെ പറന്നിരുന്നു. ആദ്യ വിമാനം വ്യാഴാഴ്ച രാത്രി സൗദിക്കു മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്കു പറന്നു.
ഖത്തറുമായുള്ള അതിർത്തിയായ സൽവ ചെക്ക് പോയിന്റ് ഉടൻ തുറക്കും. അതിർത്തിയിലെ സിമന്റ് ബാരിക്കേഡുകൾ എടുത്തുമാറ്റി. ഇവിടെ കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യ വകുപ്പുകൾ പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാം പഴയപടിയാകും.