യുഎഇ വിമാനങ്ങൾക്ക് ബ്രിട്ടന്‍റെ വിലക്ക്

ദുബായ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസാണ് ഇതോടെ നിർത്തലാക്കപ്പെടുന്നത്. ബുറുണ്ടി, റവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ് യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയതായി എമിറേറ്റ്സ് അടക്കം വിമാനകമ്പനികളും അറിയിച്ചു. യുഎഇയിലുള്ള ബ്രിട്ടിഷ് പൗരന്മാർക്ക് മറ്റു രാജ്യങ്ങൾ വഴി യുകെയിലേക്ക് പ്രവേശിക്കാം. ഇവർക്ക് പത്ത് ദിവസം നിർബന്ധിത ഹോംക്വാറന്റീനുണ്ട്.

യാത്രാനിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടി നൽകുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ കുറച്ച് ദിവസങ്ങളിലായി കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതേ തുടർന്ന് രാജ്യത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ദുബായിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.