ഖത്തർ- യുഎഇ പൂർണ ഗതാഗതബന്ധം ഇന്നു മുതൽ

അബുദാബി: മൂന്നരവർഷം നീണ്ട ഉപരോധത്തിന് അറുതിയായതോടെ ഖത്തറും യുഎഇയും തമ്മിലുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു മുതൽ പുനരാരംഭിക്കും. അറബ്, ഗൾഫ് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഒപ്പുവച്ച അൽഉല കരാറിന്‍റെ ഭാഗമായാണ് അതിർത്തികൾ തുറക്കുന്നത്. ഖത്തറുമായുള്ള മറ്റു പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രലായം അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുള്ള ബെൽഹൂൽ പറഞ്ഞു.

2017ൽ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അവസാനിപ്പിച്ച ഖത്തർ ബന്ധം പുനസ്ഥാപിക്കാൻ ചൊവ്വാഴ്ച സൗദിയിൽ ചേർന്ന ജിസിസി ഉച്ചകോടിയിൽ തീരുമാനമായിരുന്നു. ഇതിൻ പ്രകാരം ഖത്തറിന്‍റെ വിമാനങ്ങൾ വ്യാഴാഴ്ച രാത്രിയോടെ സൗദിക്കു മുകളിലൂടെ പറന്നു തുടങ്ങി. ഇരുരാജ്യങ്ങൾക്കുമിടയിലെ സൽവ ചെക്ക് പോയിന്‍റ് അതിർത്തി ഉടൻ തുറക്കും.