ദുബായ്: എണ്ണ പര്യവേഷണ- ഉത്പാദന കമ്പനിയായ സേഫറിലെ മൂന്ന് എൻജിനീയർമാരെ ഇറാൻ കേന്ദ്രീകരിച്ചുള്ള ഹൂതി തീവ്രവാദികൾ റാഞ്ചി. തങ്ങളുടെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയതായി സേഫർ കമ്പനി പത്രക്കുറിപ്പിറക്കിയതായി യെമനിലെ സാബ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തലസ്ഥാന നഗരമായ സനായിലേക്കു പോകുന്നതിനിടെ മരിബ് എണ്ണപ്പാടത്തിനു സമീപം ബസിൽനിന്നാണ് രണ്ടു പേരെ ഭീകരർ റാഞ്ചിയത്. അതേസമയം, മൂന്നാമത്തെ എൻജിനീയറെ സനായിലെ വീട്ടിൽനിന്നാണ് റാഞ്ചിയതെന്നും പത്രിക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സേഫർ കമ്പനി, ആഗോള തലത്തിൽ ഇതിനെതിരേ പ്രതിഷേധമുയരണമെന്നും ജീവനക്കാരുടെ മോചനത്തിനായി ലോക രാജ്യങ്ങൾ ഇടപെടേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ, തയ്സിൽ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ ഹൂതി ഭീകരർ നാലുകുട്ടികളെയും രണ്ടു സ്ത്രീകളെയും വധിച്ചു. ആക്രമണത്തിൽ ഏഴു പേർക്കു പരുക്കേൽക്കുകയുമുണ്ടായി.