വാക്സിൻ: സൗദിയില്‍ രജിസ്റ്റർ ചെയ്തത് 10 ലക്ഷം പേർ

ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റർ ചെയ്തത് പത്തുലക്ഷത്തിലേറെ പേർ. ഇതിൽ ഒരു ലക്ഷത്തിലേറെ പേർ ഇതിനകം കുത്തിവയ്പ്പെടുത്തു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലെ മൂന്നു ക്ലിനിക്കുകൾ വഴിയാണ് കേവിഡ് വാക്സിൻ നൽകിവരുന്നത്. എന്നാൽ 13 മേഖലകളിലേക്കു കൂടി ഇത് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇപ്പോൾ 2206 ആക്റ്റിവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 351 പേർ ഗുരുതരാവസ്ഥയിൽ. ബുധാനഴ്ചയിലെ കണക്കു പ്രകാരം റിയാദിൽ 43ഉം മക്കയിൽ 38ഉം കിഴക്കൻ പ്രവിശ്യയിൽ 14ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റ് എട്ടിടങ്ങളിലായി ഒരോ കേസുകളാണ് ഉണ്ടായത്.

പുതുതായി സുഖം പ്രാപിച്ചവരുടെ എണ്ണം 14. ഇതോടെ, ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 354,89 ആയി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 97.6 ശതമാനമാണ്. റിയാദിലാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതൽപേർ സുഖം പ്രാപിച്ചത്-33 പേർ. ജിദ്ദയിൽ 16 പേർ.

സൗദിയിൽ ഇതുവരെ 11.2 ദശലക്ഷം പിസിആർ പരിശോധനകൾ നടത്തിയതായി അരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 39,795 പരിശോധനകൾ.