കുട്ടികളെ സൂക്ഷിക്കൂ; ബ്ലൂവെയിലിന് പിന്നാലെ മറ്റൊരു മരണക്കളി

ലോകത്തെ വിറപ്പിച്ച ‘ ബ്ലൂ വെയിൽ ‘ ഗെയിമിന് പിന്നാലെ ഭീതിപ്പെടുത്തുന്ന മറ്റൊരു ഓൺലൈൻ മരണ ഗെയിം ഉടലെടുക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ ഇറ്റലിയിൽ ഒരു 11 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവമാണ് ഭീകരൻ ഗെയിമിന്റെ ചുരുളഴിക്കുന്നത്.

നേപ്പിൾസ് നഗരത്തിലെ ഫ്ലാറ്റിന്റെ പത്താം നിലയിലെ ജനാലയിൽ നിന്നും ചാടി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ ടാബ്‌ലറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ‘ അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തലയിൽ തൊപ്പിവച്ച ആ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം ‘ ഇങ്ങനെയായിരുന്നു കുട്ടിയുടെ കുറിപ്പ്.

‘ ജോനാഥൻ ഗാലിൻഡോ ‘ എന്ന സാങ്കല്പിക മനുഷ്യനെയാകാം കുട്ടി ഉദ്ദേശിച്ചതെന്ന് ഇറ്റാലിയൻ പൊലീസ് പറയുന്നു. ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിയ്ക്കുന്നവർക്ക് ഭീകരമായ ‘ ചലഞ്ചു’കൾ നൽകുന്നയാളാണ് ജോനാഥൻ. കറുത്ത തൊപ്പി ധരിച്ച നായയുടെയും മനുഷ്യന്റെയും മുഖത്തോട് കൂടിയ രൂപമാണ് ജോനാഥൻ ഗാലിൻഡോ. ഗെയിമിന്റെ ഓരോ ലെവലിലും എത്തുന്ന ഈ രൂപം അപകടകരമായ ചലഞ്ചുകൾ നൽകുകയും ക്രമേണ കുട്ടികളുടെ മാനസികനില കൈയ്യിലെടുക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആത്മഹത്യ ചെയ്ത കുട്ടി നേപ്പിൾസിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അംഗമായിരുന്നു. വളരെ ആരോഗ്യവാനും കായിക രംഗങ്ങളിലും മറ്റു ചുറുചുറുക്കോടെ പങ്കെടുക്കുകയും ചെയ്തിരുന്നു കുട്ടി. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും ഈ ‘ ആത്മഹത്യ ഗെയി’മിന്റെ അടിമകളായി മാറുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ജോനാഥൻ ഗാലിൻഡോയെ ചേർക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്.

അർദ്ധരാത്രി ഉണരുക, പ്രേത സിനിമകൾ കാണുക തുടങ്ങിയ ഭയപ്പെടുത്തുന്ന ടാസ്കുകളാണ് ജോനാഥൻ നൽകുന്നത്. എന്നാൽ പതിയെ ടാസ്കുകളുടെ തീവ്രത കൂടും. സ്വയം അപകടപ്പെടുത്തുക മുതൽ ഒരു കൂറ്റൻ ടവർ ബ്ലോക്കിന്റെ അറ്റത്ത് പോയി നിൽക്കുകവരെയുള്ള മാരകമായ ടാസ്കുകൾ ജോനാഥൻ നൽകും. ഒടുവിൽ ഗെയിം കളിക്കുന്നവരോട് ആത്മഹത്യ ചെയ്യാനാണ് ജോനാഥൻ ആവശ്യപ്പെടുക.

2015 മുതൽ ലോകമെമ്പാടും 130 ആത്മഹത്യകൾക്ക് കാരണമായ ഗെയിമാണ് ബ്ലൂ വെയിൽ. 50 ദിവസത്തിനിടെ 50 ടാസ്കുകൾ നൽകുന്ന ബ്ലൂ വെയിൽ ഗെയിം ഒടുവിൽ ആത്മഹത്യ ചെയ്യുക എന്ന ടാസ്ക് ആണ് നൽകുന്നത്. ബ്ലൂ വെയിലിന് തൊട്ടുപിന്നാലെ 2018 ജൂലായിൽ ‘ മോമോ ചലഞ്ച് ‘ എന്ന പേരിൽ മറ്റൊരു ആത്മഹത്യ ഗെയിമും ഉടലെടുത്തിരുന്നു.