ക്യാപിറ്റോൾ കലാപം: 4 മരണം; ട്രംപിന്‍റെ ട്വിറ്റർ മരവിപ്പിച്ചു

വാഷിങ്ടൺ: യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനിടെ വെടിയേറ്റ യുവതി ഉൾപ്പെടെ നാലു പേർ മരിച്ചു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെം ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചെത്തിയത്. അതേസമയം, പ്രതിഷേധക്കാരോടു സമാധാനത്തിന് ആഹ്വാനം ചെയ്തെങ്കിലും ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു.

ഇതിനിടെ, ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഡോണൾഡ് ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചു. ഇനിയും ഇത്തരം നിയമലംഘനമുണ്ടായാൽ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിക്കുമെന്ന് ട്വിറ്റർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അണികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്രംപിന്‍റെ വിഡിയൊ ഫെയ്സ്ബുക്കും യൂട്യൂബും നീക്കം ചെയ്തിട്ടുണ്ട്. അണികളോട് സമാധാനത്തിന് ആഹ്വാനം ചെയ്യുമ്പോഴും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിന്‍റെ പരാമർശം നില കൂടുതൽ വഷളാക്കുമെന്ന നിഗമനത്തെത്തുടർന്നാണ് നടപടി.

കലാപത്തിന്‍റെ പശ്ചാത്തലത്തിൽ വാഷിങ്ടണിൽ കർഫ്യൂഏർപ്പെടുത്തി.അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വെർജീനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുഎസ് കോൺഗ്രസ് സഭ ചേരുന്നതിനിടെ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിനു പുറത്ത് തടിച്ചു കൂടുകയും പൊലീസുമായി ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് കലാപകാരികൾ ബാരിക്കേഡുകൾ തകർത്ത് മന്ദിരത്തിനകത്തു കടന്നു. യുഎസ് കോൺഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്ന് ഇതെന്നു കരുതപ്പെടുന്നു.