സൗദി യാത്രാവിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി; പുറത്തേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കില്ല
റിയാദ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യ ആരംഭിച്ച യാത്രാവിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. അതേസമയം സ്വദേശികളല്ലാത്തവര്‍ക്ക് സൗദിയില്‍ നിന്നു മടങ്ങാം. എന്നാല്‍ പുറത്തുനിന്നു വിദേശികളെ കൊണ്ടുപോകാന്‍ വരുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവാദമില്ല.
ഒരാഴ്ച്ചത്തേക്കു കൂടിയാണ് യാത്രാവിലക്ക് നീട്ടിയത്. കര, വ്യോമ, ജല ഗതാഗതത്തിനെല്ലാം വിലക്ക് ബാധകമാണ്. ചില രാജ്യങ്ങളില്‍ പുതിയ രൂപത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് സൗദിയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്ക് ഒഴികെ ആര്‍ക്കും സൗദിയിലേക്ക് പ്രവേശനമില്ല. അതേസമയം സൗദിയിലുള്ള വിദേശികള്‍ക്ക് പുറത്തേക്ക് പോകാം. സ്ഥിതിഗതികള്‍ ഒരാഴ്ച്ച വിലയിരുത്തിയ ശേഷം വിലക്ക് നീട്ടണോ വേണ്ടയോ എന്നു തീരുമാനിക്കും. പശ്ചിമേഷ്യയില്‍ അടക്കം ബ്രിട്ടനില്‍ നിന്നാരംഭിച്ച ജനിതകമാറ്റം സംഭവിച്ച കോവിഡ് എത്തിക്കഴിഞ്ഞു. ജോര്‍ദ്ദാനില്‍ രണ്ട് പേരില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്നെത്തിയ ഭാര്യയ്ക്കും ഭര്‍ത്താവിനുമാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.
ലണ്ടനില്‍ നിന്നെത്തിയ ഒരാള്‍ക്കും ലബനിലും പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിലേക്ക് 50 രാജ്യങ്ങളോളം യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഇന്നും നാളെയുമായി പറന്നു തുടങ്ങും. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്കും പുതുതായി എടുക്കുന്നവര്‍ക്കും ഈ വിമാനങ്ങളില്‍ പോകാമെന്ന് ട്രാവല്‍ ഏജന്റ് അസീസ് കടലുണ്ടി പ്രവാസി വീക്ഷണത്തോട് പറഞ്ഞു.