ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാനിരുന്ന മലയാളികളും പ്രതിസന്ധിയിലായി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികളടച്ചതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായി.അതിര്‍ത്തികള്‍ അടച്ചതോടെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകാനായി ടിക്കറ്റെടുത്തു കാത്തിരുന്ന മലയാളികളാണ് ഏറെയും വഴിയിലായത്. അതേസമയം ദുബായിലെത്തി അവിടെ നിന്ന് സൗദിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകാനിരുന്നവരും പെട്ടു.
സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.
വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍
തന്നെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്‌േേചത്തക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണി മുതല്‍ നിയന്ത്രണം പ്രബാല്യത്തില്‍ വരും.

സൗദി സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി യുഎഇയിലെ വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇത് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായി. ഇന്ത്യയില്‍ നിന്ന് നിലവില്‍ സൗദിയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാല്‍ യുഎഇ വഴിയായിരുന്നു സൗദി പ്രവാസികള്‍
പോയിരുന്നത്. ഇത്തരത്തില്‍ യുഎഇയിലെത്തിയവര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്.