ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന യുഎന്‍ ആയുധ ഉപരോധം അവസാനിച്ചു

തെഹ്റാന്‍: യുഎന്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഉപരോധം അവസാനിച്ചു. 2015ല്‍ ഇറാനും വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാര്‍ അംഗീകരിച്ച് പാസാക്കിയ പ്രമേയമനുസരിച്ചാണ് അഞ്ച് വര്‍ഷത്തിനുശേഷം ഉപരോധം ഇല്ലാതായത്.

കാലാവധി തീരുമ്പോള്‍ ഉപരോധം പുനഃസ്ഥാപിക്കാന്‍ അമേരിക്ക ആഗസ്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ തീവ്രശ്രമം മറ്റ് സ്ഥിരാംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് മൂലം പരാജയപ്പെട്ടിരുന്നു. ഇറാന്‍ സൈന്യത്തിലെയും അര്‍ധസേനാവിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്സിലെയും നിരവധി പ്രമുഖര്‍ക്ക് യുഎന്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കും ഞായറാഴ്ചയോടെ ഇല്ലാതായി.ഇറാന്‍ പടക്കോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നത് ആണവപ്രശ്നത്തിന്റെ പേരില്‍ 2010ലാണ് യുഎന്‍ വിലക്കിയത്.

യുഎന്‍ ഉപരോധം ഇല്ലാതായതോടെ ഇറാന് ടാങ്കുകളും യുദ്ധവിമാനങ്ങളുമടക്കം തങ്ങളുടെ ആയുധശേഷി നവീകരിക്കാന്‍ പുതിയ പടക്കോപ്പുകള്‍ ഇറക്കുമതി ചെയ്യാം. എന്നാല്‍, ഉടന്‍ അതിന് നീക്കമില്ലെന്നാണ് ഇറാന്‍ നല്‍കുന്ന സൂചന. യുഎന്‍ ഉപരോധമില്ലെങ്കിലും അമേരിക്കന്‍ ഉപരോധം തുടരുന്നതിനാല്‍ പല രാജ്യങ്ങളും ഇറാന് ആയുധം വില്‍ക്കാന്‍ മടിക്കും. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായുള്ള ഉപരോധങ്ങള്‍മൂലം ഇറാന്റെ സാമ്പത്തികസ്ഥിതി വഷളായതും ആയുധങ്ങള്‍ വാങ്ങുന്നതിന് തടസ്സമാണ്.