റിയാദ്: അറബികളുടെ അടിസ്ഥാന പ്രശ്നമാണ് ഫലസ്തീന് പ്രശ്നമെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫലസ്തീന് പ്രശ്നത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ സൗദി അറേബ്യ മടിച്ചുനിന്നിട്ടില്ല. സൗദി അറേബ്യയുടെ വിദേശ നയത്തില്‍ ഏറ്റവുമധികം പിന്തുണ നല്കുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുഖ്യം ഇന്നും ഫലസ്തീന് പ്രശ്നമാണ്. പശ്ചിമേഷ്യന്‍ സമാധാനത്തെ സൗദി അറേബ്യ പിന്തുണക്കുകയും അറബ് സമാധാന പദ്ധതി മുറുകെ പിടിക്കുകയും ചെയ്യും. ഫലസ്തീന് പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായേല്‍ നിര്‍ത്തണം. അധിനിവിഷ്ട ഫലസ്തീനിലെ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ശാശ്വതവും സമഗ്രവുമായ സമാധാനം സാക്ഷാല്‍ക്കരിക്കുന്ന ദിശയിലെ വിലങ്ങുതടിയുമാണെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു.
പ്രാദേശിക തൊഴില്‍ വിപണിയുടെ വികസനവും കാര്യക്ഷമത ഉയര്‍ത്താനും മന്ത്രിസഭ തീരുമാനമെടുത്തു. തൊഴില്‍ വിപണി തന്ത്രത്തിന് വ്യോമയാന മേഖലാ തന്ത്രവും റിയല്‍ എസ്റ്റേറ്റ് മേഖലക്കുള്ള പരിഷ്കരിച്ച സമഗ്ര പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിക്കുന്നതിന് ജപ്പാനുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ ടൂറിസം മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കൊറോണയുമായി ബന്ധപ്പെട്ട് പ്രാദേശിക, ആഗോള തലങ്ങളിലെ പുതിയ സംഭവ വികാസങ്ങളും വാക്സിന് വികസനവുമായും രാജ്യത്ത് ഇത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായും സൗദിയില്‍ കൊറോണ കേസുകളുമായും ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി. വാക്സിനുകള്‍ എല്ലാ രാജ്യങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതിപൂര്‍വകമായും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും വീണ്ടെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതും ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് മികച്ച തയാറെടുപ്പുകള്‍ നടത്തേണ്ടതും അനിവാര്യമാണെന്ന് മന്ത്രിസഭ പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഐക്യരാഷ്ട്ര സഭയുമായി സഹകരിക്കുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രാദേശിക ശക്തികളുടെ ഇടപെടലുകളും മേഖലയില്‍ സുരക്ഷാ ഭദ്രത തകര്‍ക്കാനുള്ള ശ്രമങ്ങളും അംഗീകരിക്കില്ല. യു.എന്‍ തീരുമാനങ്ങളുടെ ചട്ടക്കൂടില്‍ മേഖലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അറബ് ലീഗ് പ്രധാന പങ്ക് വഹിക്കണം.
മന്ത്രിസഭാ യോഗം അംഗീകരിച്ച തൊഴില്‍ വിപണി തന്ത്രം തൊഴില്‍ വിപണി വികസനത്തിനും വിപണിയുടെ കാര്യക്ഷമത ഉയര്‍ത്താനും സഹായിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. മികച്ച ആഗോള വിപണികളുമായി ഒത്തുപോകുന്നതിന് അടിസ്ഥാനപരമായ പരിഷ്കാരങ്ങള്‍ തൊഴില്‍ വിപണി തന്ത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്നും തൊഴില്‍ വിപണിയുടെ വികസനത്തിനും കാര്യക്ഷമത ഉയര്‍ത്താനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സിവില്‍ വ്യോമയാന മേഖലാ തന്ത്രം മന്ത്രിസഭ അംഗീകരിച്ചതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍മന്‍സൂരി പറഞ്ഞു. വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും സാമ്പത്തിക, സാമൂഹിക വികസനത്തെ സപ്പോര്‍ട്ട് ചെയ്യാനും സിവില്‍ ഏവിയേഷന്‍ മേഖലക്ക് ഭരണാധികാരികള്‍ നല്കുന്ന നിരന്തരവും നിര്‍ലോഭവുമായ പിന്തുണയുടെ തുടര്‍ച്ചയാണിത്. രാജ്യത്ത് സിവില്‍ ഏവിയേഷന്‍ മേഖല വികസിപ്പിക്കാനും ആഗോള നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും മധ്യപൗരസ്ത്യ ദേശത്തെ മുന്‍നിര വ്യോമയാന മേഖലയായി സൗദിയിലെ വ്യോമയാന മേഖലയെ പരിവര്‍ത്തിപ്പിക്കാനും ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നു. വ്യോമഗതാഗതം, എയര്‍ കാര്‍ഗോ, എയര്‍പോര്‍ട്ടുകള്‍ എന്നിവ അടക്കം സിവില്‍ വ്യോമയാന മേഖലക്കു കീഴില്‍ വരുന്ന നിരവധി വ്യവസായ മേഖലകള്‍ക്ക് പുതിയ തന്ത്രം പിന്തുണ നല്‍കുമെന്നും അബ്ദുല്‍ഹാദി അല്‍മന്‍സൂരി പറഞ്ഞു.