റിയാദ്: സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പകരം വിസ ലഭിക്കില്ല. ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്നവര്‍ക്കും റീ-എന്‍ട്രിയില്‍ രാജ്യം വിട്ടിട്ട് മടങ്ങിവരാത്തവര്‍ക്കും പകരം വിസ അനുവദിക്കുന്നത് സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ലഭിക്കൂ. കടുംപച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് ജീവനക്കാര്‍ രാജ്യം വിട്ട് 12 മാസങ്ങള്‍ക്കകം പകരം വിസയ്ക്ക് അപേക്ഷിക്കാനാകുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന ഒരു തൊഴിലാളിക്ക് പകരം 250ല്‍ താഴെ ജീവനക്കാരുള്ള പ്ലാറ്റിനം വിഭാഗം സ്ഥാപനമാണെങ്കില്‍ രണ്ടു പകരം വിസ ലഭിക്കും. ഇളം പച്ച, ഇടത്തരം പച്ച, കടുംപച്ച സ്ഥാപനങ്ങള്‍ക്ക് ഒരു ബദല്‍ വിസ വീതവും ലഭിക്കും.
250ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പ്ലാറ്റിനം വിഭാഗമായാലും രാജ്യം വിടുന്ന തൊഴിലാളിക്ക് പകരം ഒരു വിസയേ അനുവദിക്കൂ. 250ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഇളം പച്ച, ഇടത്തരം പച്ച, കടുംപച്ച വിഭാഗം സ്ഥാപനങ്ങള്‍ക്ക് രാജ്യം വിടുന്ന ഓരോ തൊഴിലാളിക്കും പകരം വിസ ലഭിക്കും.
സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി 13 ആഴ്ച്ചക്കാലം ഇളം പച്ചയും ഇതിനു മുകളിലും തുടരണം. ബദല്‍ വിസ അനുവദിച്ചാലും ഇളം പച്ചയില്‍ താഴോട്ട് സ്ഥാപനങ്ങള്‍ പോകാന്‍ പാടില്ല. കൃഷി, മീന്‍പിടിത്തം, ആടിനെ മേയ്ക്കല്‍ തുടങ്ങിയ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ എക്സിറ്റില്‍ പോയാല്‍ പുതിയ വിസ അനുവദിക്കില്ല.