പൊടിപടലങ്ങളില്‍ നിന്നും മുഖചര്‍മത്തെ സംരക്ഷിക്കാന്‍ പലതലണ മുഖം കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്കിടെ മുഖം കഴുകുന്നത് ചര്‍മത്തിന് നല്ലതല്ല. മുഖം വൃത്തിയാക്കാന്‍ രണ്ടു തവണയൊക്കെ കഴുകാം. കൂടുതല്‍ എണ്ണമയമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുകയും ആല്‍ക്കഹോള്‍ അടങ്ങാത്ത ക്ലെന്‍സര്‍ ഉപയോഗിക്കുകയും ചെയ്യണം. മാത്രമല്ല പുറത്തിറങ്ങുന്നതിന് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടുകയും ചെയ്യണം. പ്രായം ഏതുമാകട്ടെ നിങ്ങളുടെ ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആരോഗ്യമുള്ളതും യുവത്വം നിറഞ്ഞതുമായ ചര്‍മം സ്വന്തമാക്കാം
- അമിതമായി മുഖം കഴുകുന്നത് ഒഴിവാക്കുക
എണ്ണമയവും അഴുക്കുമുണ്ടെന്ന തോന്നലില്‍ മുഖം ഇടയ്ക്കിടെ കഴുകുന്നത് ഒഴിവാക്കണം. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാവുകയും ചര്‍മം വരണ്ടതാകുകയും ചെയ്യും. ദിവസേന രാവിലെയും വൈകിട്ടും മാത്രം മുഖം കഴുകിയാല്‍ മതിയാകും. എണ്ണമയം കൂടുതലുള്ളവര്‍ ചെറു ചൂടു വെള്ളത്തിലാണ് കഴുകേണ്ടത്. രാത്രി കിടക്കുന്നതിനു മുന്‍പായി മുഖത്തെ എല്ലാ മെയ്ക്കപ്പും കഴുകി മാറ്റിയിരിക്കണം. അമിതമായി വെയിലേറ്റാലോ വ്യായാമത്തിലേര്‍പ്പെട്ടാലോ മുഖം കഴുകാം.
- ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക
നല്ല ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മം കൂടുതല്‍ വരണ്ടതാകുകയും സ്വാഭാവിക എണ്ണമയം നഷ്ടമാവുകയും ചെയ്യും. അതിനാല്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നത് നല്ല ഉണര്‍വ് നല്‍കും. എന്നാല്‍ ചര്‍മസംരക്ഷണത്തിന് തണുത്ത വെള്ളത്തിന്റെ പങ്കിനെപറ്റി കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു. അമേരിക്കന്‍ ഡെര്‍മറ്റോളജി അക്കാദമി പറയുന്നത് ചര്‍മത്തിന് ഏറ്റവും അനുയോജ്യം ഇളം ചൂടുവെള്ളമാണെന്നാണ്.
- ആല്‍ക്കഹോള്‍ ഇല്ലാത്ത ക്ലെന്‍സര്‍ ഉപയോഗിക്കുക
ആരോഗ്യമുള്ള ചര്‍മത്തിന് ആല്‍ക്കഹോള്‍ അടങ്ങാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കണം. ആല്‍ക്കഹോള്‍ ചര്‍മത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും ചര്‍മം വരണ്ടതാക്കുകയും ചെയ്യും. ബാക്ടീരിയകളെ നശിപ്പിക്കാന്‍ ആല്‍ക്കഹോള്‍ നല്ലതാണെങ്കിലും ചര്‍മത്തിന്റെ കാര്യത്തില്‍ ഇതൊഴിവാക്കുന്നതാണ് നല്ലത്. ആല്‍ക്കഹോള്‍ ഇല്ലാത്ത ക്ലെന്‍സര്‍ ഇപ്പോള്‍ വിപണികളില്‍ സുലഭമാണ്. തേന്‍, വെളിച്ചെണ്ണ എന്നിവയെല്ലാം ആന്റി ബാക്ടീരിയല്‍ ആണ്. ടീ ട്രീ ഓയില്‍, ലാവണ്ടര്‍, റോസ്മേരി ഓയില്‍ എന്നിവ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ഒരുപാട് സുഗന്ധവും കളറും ചേര്‍ത്ത ക്ളെന്‍സര്‍ ഒഴിവാക്കണം. ഇതിലെല്ലാം ചര്‍മത്തിന് ദോഷമുണ്ടാക്കുന്ന ആല്‍ക്കഹോളും മറ്റു രാസവസ്തുക്കളുമുണ്ടാകും. പ്രകൃതിദത്തമായ ക്ളെന്‍സറുകളായ ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, തൈര് എന്നിവയാണ് ചര്‍മത്തിനു നല്ലത്.
- മോയിസ്ചറൈസര്‍ ഉപയോഗിക്കുക
എല്ലാ സൗന്ദര്യ സംരക്ഷണ പ്രക്രിയകളിലും മോയിസ്ചറൈസറിന്റെ പ്രാധാന്യം വളരെ വലുതാണ്. ശരീരം വൃത്തിയാക്കിയതിനു ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കണം. കൂടാതെ ചര്‍മം വരണ്ടതായി തോന്നുകയാണെങ്കിലും മോയിസ്ചറൈസര്‍ പുരട്ടണം. ആല്‍ക്കഹോള്‍ അടങ്ങാത്ത മോയിസ്ചറൈസര്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ ചര്‍മം വരണ്ടതാകും. എണ്ണമെഴുക്കുള്ള ചര്‍മമാണെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കറ്റാര്‍വാഴ നീര്, പാല്‍ എന്നിവ നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കും.
- സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. നേരിട്ട് ചര്‍മത്തില്‍ സൂര്യ രശ്മികളേറ്റാല്‍ ചര്‍മം കരുവാളിക്കുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള വെയില്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എസ്പിഎഫ് 15 ഓ അതിനു മുകളിലോ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. 2 മണിക്കൂറിനു ശേഷം വീണ്ടും പുരട്ടണം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുവഴി ചര്‍മത്തിനുണ്ടാകുന്ന അര്‍ബുദം ഒഴിവാക്കാം.
- സ്‌ക്രബ് ചെയ്യുക
മൃതകോശങ്ങളെ പുറന്തള്ളി ചര്‍മത്തിന് പുത്തനുണര്‍വു നല്‍കാന്‍ ചര്‍മം ഇടയ്ക്ക് സ്‌ക്രബ്ബ് ഉപയോഗിച്ച് കഴുകണം. മൃതകോശങ്ങള്‍ അടിഞ്ഞു കൂടി ചര്‍മത്തിന്റെ സുഷിരങ്ങള്‍ അടഞ്ഞു പോവുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ആഴ്ചയില്‍ ഒരു തവണ ചര്‍മം സ്‌ക്രബ് ചെയ്യണം. വരണ്ടതും സെന്‍സിറ്റീവ് ചര്‍മം ഉള്ളവരും വളരെ മൃദുവായ സ്‌ക്രബ് തിരഞ്ഞെടുക്കണം. എണ്ണമെഴുക്കുള്ള ചര്‍മമുള്ളവര്‍ക്ക് ചാര്‍ക്കോള്‍ അടങ്ങിയ സ്‌ക്രബ് ഉപയോഗിക്കാം. എന്നാല്‍ ബോഡി സ്‌ക്രബ്ബറുകള്‍ മുഖത്ത് ഉപയോഗിക്കരുത്. മുഖചര്‍മം ശരീര ചര്‍മത്തേക്കാള്‍ ലോലമാണ്.
- ഓയില്‍ മസാജ് ചെയ്യുക
ചര്‍മ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എണ്ണതേച്ചുള്ള കുളി. ചര്‍മം മൃദുവാക്കാനും ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും, മോയിസ്ചറൈസ് ചെയ്യാനുമൊക്കെ എണ്ണതേച്ചുള്ള കുളി നല്ലതാണ്. വെളിച്ചെണ്ണ, ജോജോബാ ഓയില്‍, ഒലീവ് ഓയില്‍, ആല്‍മണ്ട് ഓയില്‍ തുടങ്ങി നിരവധി എണ്ണകള്‍ ലഭ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ആഴ്ചയില്‍ രണ്ടു തവണ മുഖത്ത് എണ്ണ കൊണ്ട് മസാജ് ചെയ്യണം.
- കിടക്കുന്നതിനു മുന്‍പുള്ള ചര്‍മ പരിപാലനം
ഉറങ്ങുന്ന സമയത്താണ് ചര്‍മത്തിന്റെ പുതിയ സെല്ലുകള്‍ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ചര്‍മത്തിന് കുറച്ച് കരുതല്‍ നല്‍കണം. ഉറങ്ങുന്നതിനു മുന്‍പായി മുഖം നന്നായി കഴുകി മോയിസ്ചറൈസര്‍ പുരട്ടി ഉറങ്ങിനോക്കൂ. രാവിലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം. ഇത് ഒരു ദിവസം കൊണ്ടുണ്ടാകുന്ന മാറ്റമല്ല. ദിവസവും ചര്‍മ്മത്തിന് ഇത്തരത്തിലുള്ള കരുതല്‍ ആവശ്യമാണ്.
പുകവലി പൂര്‍ണമായും ഒഴിവാക്കണം. ഇത് ചര്‍മത്തിലെ കൊളാജന്‍ കുറയ്ക്കും. ചര്‍മം ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. മാത്രമല്ല ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഇത്രയും ശ്രദ്ധിച്ചാല്‍ ആരും കൊതിക്കുന്ന തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം.