സൗദി അരാംകോയുടെ ലാഭത്തില്‍ 44.6 ശതമാനം ഇടിവ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ്. ആഗോള എണ്ണവിലയിലുണ്ടായ തകര്‍ച്ചയാണ് കമ്പനിയുടെ ലാഭം കുറയാന്‍ ഇടയാക്കിയത്. ജൂലൈ-സെപ്തംബര്‍ പാദത്തിലെ ലാഭത്തില്‍ 44.6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. അരാംകോയ്ക്ക് മാത്രമല്ല, ലോകത്തെ എല്ലാ എണ്ണ കമ്പനികള്‍ക്കും തിരിച്ചടിയുടെ കാലമാണ്.

കൊറോണ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗതം പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായി. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗവും കുറഞ്ഞു. ഇതാണ് വിലയിടിവിന് കാരണമായത്. മാത്രമല്ല, എണ്ണ ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവ് ആദ്യം വരുത്തിയിരുന്നില്ല. അമിതമായ അളവില്‍ എണ്ണ വിപണിയില്‍ എത്തുകകൂടി ചെയ്തതോടെ വില കുത്തനെ താഴ്ന്നു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്. പിന്നീട് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രമുഖരായ സൗദിയും റഷ്യയും ചര്‍ച്ച നടത്തുകയും ഉല്‍പ്പാദനം കുറയ്ക്കാന്‍ ധാരണയിലെത്തുകയും ചെയ്തു. ഇതോടെയാണ് നേരിയ വില വര്‍ധനവ് വിപണിയില്‍ പ്രകടമായത്.

എങ്കിലും കമ്പനികളുടെ ലാഭത്തില്‍ വന്‍ ഉയര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. നേരിയ മുന്നേറ്റം മൂന്നാം പാദത്തില്‍ വിപണിയില്‍ പ്രകടമായി തുടങ്ങിയെന്ന് സൗദി അരാംകോ മേധാവി അമീന്‍ നാസിര്‍ പറഞ്ഞു. വിപണികള്‍ സജീവമായി വരുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു. അരാംകോയുടെ ഓഹരികളില്‍ 1 ശതമാനം വര്‍ധനവുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അരാംകോ ഓഹരി ലാഭവിഹിതം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൂന്നാം പാദത്തില്‍ 1875 കോടി ഡോളറാണ് വിതരണം ചെയ്യുക. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഓഹരി ഉടമകളാണ്. ആദ്യ രണ്ടു പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. എണ്ണയുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിസന്ധികള്‍ മറികടന്ന് മുന്നേറാന്‍ സാധിക്കുമെന്നാണ് അരാംകോയുടെ വിലയിരുത്തല്‍.