മാനസികാരോഗ്യവും ഭക്ഷണവും തമ്മില്‍

മാനസികാരോഗ്യ സംരക്ഷണത്തില്‍ പുതുതായി കേള്‍ക്കുന്ന പേരാണ് ന്യുട്രീഷണല്‍ സൈക്യാട്രി. ഭക്ഷണശീലവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇത് പറയുന്നത്.

ഭക്ഷണശീലവും മൂഡും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. മാനസികാവസ്ഥകളെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഭക്ഷണം നിങ്ങളുടെ സുഹൃത്തായും ശത്രുവായും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ തൊഴിലിടത്തിലെ ഒരു ഉദാഹരണം തന്നെ എടുക്കാം. സഹപ്രവര്‍ത്തകരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേക്ക് കഴിച്ചതിനു ശേഷമുള്ള നിങ്ങളുടെ അവസ്ഥ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാം. താഴേയ്ക്കാവുന്ന എനര്‍ജിയും കുത്തനെ ഉയരുന്ന അസ്വസ്ഥതയും പലരും നേരിട്ടനുഭവിച്ചിട്ടുണ്ടാകും. വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ തന്ത്രപരമായ ഭക്ഷണശീലം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് രോഗശാന്തിയില്‍ കാര്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ന്യുട്രീഷണല്‍ സൈക്യാട്രി എന്നൊരു വിഭാഗം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാര്‍ജ്ജിച്ചു വരുന്നതിന്റെ കാരണം ഇതാണ്.

പച്ചക്കറികളും പഴങ്ങളും മത്സ്യവും ധാന്യങ്ങളും ധാരാളമായി കഴിക്കുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവ വരാനുള്ള സാധ്യത സംസ്‌ക്കരിച്ച കാര്‍ബോഹൈഡ്രേറ്റ്, ആഡഡ് ഷുഗര്‍, സംസ്‌ക്കരിച്ച ഭക്ഷണവസ്തുക്കള്‍ എന്നിവ കഴിക്കുന്ന സ്ത്രീകളേക്കാള്‍ കുറവാണ് എന്ന 2010 ലെ പഠനത്തെത്തുടര്‍ന്നാണ് ന്യുട്രീഷണല്‍ സൈക്യാട്രി ശ്രദ്ധയാകര്‍ഷിച്ചത്. 12 ആഴ്ചത്തെ മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടര്‍ന്ന വിഷാദരോഗം ബാധിച്ചവരില്‍ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയതായി 2017 ലെ മറ്റൊരു പഠനവുമുണ്ട്.

ന്യുട്രീഷണല്‍ സൈക്യാട്രിസ്റ്റുമാര്‍ പല തരത്തിലുള്ള ഡയറ്റുകളാണ് അവരുടെ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. ഓരോ വ്യക്തിക്കും ഭക്ഷണവുമായുള്ള ബന്ധവും ഭക്ഷണരീതിയുമെല്ലാം പരിഗണിച്ചാണ് ഡയറ്റ് നിര്‍ദ്ദേശിക്കുന്നത്. എങ്കില്‍ത്തന്നെയും തികച്ചും ആരോഗ്യകരമായ മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് കൂടുതല്‍ പേരോടും പിന്തുടരാന്‍ പറയുന്നത്. നാരടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, ബീന്‍സ്, മത്സ്യം, ഒലിവെണ്ണ, ലെഗ്യൂംസ്, പുളിപ്പിച്ച ഭക്ഷണം, ചുരുക്കം ചില മാത്സ്യം എന്നിവയാണ് മെഡിറ്ററേനിയന്‍ രീതിയിലെ ഭക്ഷണവസ്തുക്കള്‍. ഈ രീതി 30 മുതല്‍ 50 ശതമാനം വരെ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത കുറക്കുന്നു. തലച്ചോറിന് ഉത്തേജനം നല്‍കുന്നതിനാവശ്യമായ ഒമേഗ 3, വിറ്റാമിന്‍ ബി12, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണങ്ങളും ചിലര്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്.

ന്യുട്രീഷണല്‍ സൈക്യാട്രിസ്റ്റുകള്‍ക്കിടയില്‍തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നത് മാനസികാരോഗ്യത്തെ സഹായിക്കും എന്നു വിശ്വസിക്കാത്തവരുമുണ്ട്. മാംസാഹാരം നിര്‍ബന്ധമാണെന്നു വാദിക്കുന്നവരും സംസ്‌ക്കരിച്ച ഭക്ഷണം മാത്രം നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ മതിയെന്നു പറയുന്നവരുമുണ്ട്. എന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നതിനാല്‍ ഓരോരുത്തര്‍ക്കും ഇണങ്ങിയ രീതി പിന്തുടരുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കൊണ്ട് മാത്രം മാനസികാരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല. ചില വ്യക്തികള്‍ക്ക് മരുന്നിനു പകരം ഭക്ഷണനിയന്ത്രണം മതിയെന്നേയുള്ളൂ. ജീവിതശൈലിയിലെ മാറ്റം അനിവാര്യമാണ്. അമിതമായ സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുകയും നല്ല ഭക്ഷണരീതിയോടൊപ്പം വിശ്രമവും വിനോദവും വ്യായാമവും ശീലമാക്കുകയും വേണം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here