എണ്ണമയമുള്ള ചര്‍മത്തിന് പരിഹാരമുണ്ട്‌

എണ്ണമയമുള്ള ചര്‍മം പലരുടെയും പ്രശ്‌നമാണ്. എണ്ണമയം കൂടിയ ചര്‍മത്തില്‍ മുഖക്കുരുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചര്‍മത്തിലെ ഈര്‍പ്പം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് നല്ല പരിഹാരമല്ല. കാരണം ചര്‍മം വരണ്ടതാക്കിയാല്‍ സെബാഷ്യസ് ഗ്രന്ഥി കൂടുതല്‍ ഓയില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ ചര്‍മത്തില്‍ അധികമായുള്ള സെബം നിയന്ത്രിച്ചുനിര്‍ത്തുകയാണ് പ്രതിവിധി.

ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ടിപ്‌സ്

 1. ക്ലെന്‍സിങ് ഓയില്‍ ഉപയോഗിച്ച് മുഖം തുടക്കുക
  ക്ലെന്‍സിങ് ഓയില്‍ ഉപയോഗിച്ച് മുഖം തുടക്കുമ്പോള്‍ മുഖത്തെ മേക്കപ്പ്, അഴുക്ക്, സെബം എന്നിവ ഇല്ലാതാകുന്നു. ജൊജോബ ഓയില്‍, സീ ബക്ക്‌തോണ്‍ ബെറി ഓയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
 2. മുഖം രണ്ടു തവണയില്‍ കൂടുതല്‍ കഴുകരുത്
  എണ്ണമയമുള്ള ചര്‍മം ഇടയ്ക്കിടെ തേച്ചുരച്ചു കഴുകാന്‍ തോന്നും. എന്നാല്‍ ദിവസവും രണ്ടു തവണയില്‍ കൂടുതല്‍ മുഖം കഴുകുന്നത് പ്രകൃത്യായുള്ള എണ്ണമയം ഇല്ലാതാക്കി വീണ്ടും വീണ്ടും സെബം ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകുന്നു. മുഖം വിയര്‍ത്ത് അഴുക്കാകുമ്പോഴോ മറ്റോ മാത്രം മുഖം കഴുകുക.
 3. ആഴ്ചയില്‍ 2, 3 തവണ ഫേസ് മാസ്‌ക് ഉപയോഗിക്കുക
  ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത് ചര്‍മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കി പുതുജീവന്‍ തരുന്നു. തൊലിയിലെ എണ്ണമയം ഇല്ലാതാകുന്നതിനാല്‍ കുരുക്കള്‍ വരാനുള്ള സാധ്യതയും മങ്ങുന്നു.
  പപ്പായ, കളിമണ്ണ്, മുട്ടയുടെ വെള്ളയും നാരങ്ങയും എന്നിവ ഫേസ്മാസ്‌ക്കുകളായി ഉപയോഗിക്കാവുന്നവയാണ്.
 4. ഈര്‍പ്പം നിലനിര്‍ത്തുക
  എണ്ണമയമുള്ള ചര്‍മമാണെങ്കിലും ഈര്‍പ്പം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ജലാംശം കൂടുതലുള്ള, സുഗന്ധമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കാം.
 5. ചര്‍മ സംരക്ഷണത്തില്‍ സ്ഥിരമായി തേനുപയോഗിക്കുക
  തേന്‍ നേരിട്ടോ ഫേസ് മാസ്‌കുകളിലോ ഉപയോഗിക്കാം. ഇത് ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കുകയും ജലാംശം നിലനിര്‍ത്തുകയും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളായ സ്റ്റാഫിലോകോക്കസ്, പ്രൊപിയോനി ബാക്ടീരിയം എന്നിവയെ നശിപ്പിക്കുകയും ചെയ്യുന്നു. തേന്‍ മുഖത്ത് കുറച്ചു നേരം പുരട്ടിയ ശേഷം കഴുകിക്കളയാം.
 6. ഗ്രീന്‍ ടീ
  ഗ്രീന്‍ ടീ ഇലകള്‍ ചൂടുവെള്ളത്തില്‍ മുക്കിവെച്ച ശേഷം ആ വെള്ളം ഒരു സ്േ്രപ ബോട്ടിലില്‍ നിറക്കുക. അത് നിരന്തരം മുഖത്ത് തളിക്കുകയോ മുഖം വൃത്തിയാക്കിയ ശേഷം തളിക്കുകയോ ചെയ്യുക. ചര്‍മത്തിന് വളരെ നല്ല ടോണര്‍ ആണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ബാക്ടീരിയ, സെബം, എണ്ണമയം, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നു.
 7. ചര്‍മം അടര്‍ത്തിക്കളയുക
  ചര്‍മത്തിലെ മൃതകോശങ്ങളെ അടര്‍ത്തിക്കളയേണ്ടത് അത്യാവശ്യമാണ്. ബദാം, ഓട്‌സ് എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാം. ചര്‍മം വരണ്ടതാവാതെ ഇവ മൃതകോശങ്ങളെ അടര്‍ത്തിക്കളയുന്നു. ഇവ രണ്ടും തേനില്‍ ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് ചര്‍മം ഉരച്ചു കഴുകാം. ആഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ ഇത് ചെയ്യരുത്.
 8. നല്ല ഭക്ഷണശീലം
  എണ്ണമയമുള്ള ചര്‍മമുള്ളവര്‍ അമിതമായി ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നത് ചര്‍മം കൂടുതല്‍ വഷളാക്കുന്നു. ഇലക്കറികളും പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യമുള്ള ചര്‍മത്തിനു നല്ലത്.