ആത്മഹത്യ ചെയ്യാതെ പിടിച്ചു നിര്‍ത്തിയത് അനിയന്‍; സനൂഷ മനസ്സ് തുറക്കുന്നു

സനുഷയുടെ വാക്കുകള്‍:

കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ. എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും പേടി തോന്നുന്നു,എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. എങ്ങനെ ആളുകളോട് പറയും. കുടുംബത്തോട്, സുഹൃത്തുക്കളോട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ.ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. വളരെ മോശം അവസ്ഥയായിപ്പോയി. ആരോടും സംസാരിക്കാന്‍ മൂഡില്ലാതിരിക്കുക, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടം എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യാ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ വളരെ പേടിച്ച സമയമായിരുന്നു.ഇതില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. ആരോടും ഒന്നും പറയാതെ ഞാന്‍ കാറെടുത്ത് പോയി.
അങ്ങനെ വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് കുറച്ചു ദിവസം അവിടെ നില്‍ക്കണം എന്നും പറഞ്ഞ് വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്.
അതിന്റെ ഇടയിലുള്ള സന്തോഷമുള്ള മൊമെന്റ്‌സ് മാത്രമാണ് ഷെയര്‍ ചെയ്തത്. എല്ലാവരും അങ്ങനെയാണ്. ഹാപ്പിനസ് മാത്രമാണ് കാണിക്കുക പറയുക, ഉള്ളിലുള്ള പ്രശ്‌നങ്ങളെ, നമ്മള്‍ ഫേസ് ചെയ്യുന്ന പേടികളെ ആരും ചോദിക്കാറില്ല. പറയാറുമില്ല.എനിക്ക് അറിയുന്ന മിക്ക ആളുകളും പലതരം പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ ഒറ്റക്കായിരുന്നു. മിക്ക ആളുകള്‍ക്കും വീട്ടില്‍ പറയാന്‍ പേടിയായിരുന്നു.
സൈക്കോളജിസ്റ്റിനിയോ സൈക്കാര്‍ട്ടിസ്റ്റിനിയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നത്. പോയി കഴിഞ്ഞാല്‍ ആളുകള്‍ എന്ത് വിചാരിക്കും. കൗണ്‍സിലിങ്ങോ മെഡിക്കല്‍ ഹെല്‍പ്പോ ആയിരിക്കും. പക്ഷേ അതിപ്പോഴുംമോശം കാര്യമാണെന്ന് ചിന്തിക്കുന്ന പലരുമുണ്ട്. കൂടുതല്‍ ആലോചിച്ചപ്പോള്‍ ഞാനും ഡോക്ടറുടെ അടുത്ത് പോയി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ വീട്ടില്‍ കാര്യം പറഞ്ഞു.പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളില്‍ എത്തുമ്പോള്‍ എത്രയൊക്കെ നമ്മള്‍ ഫ്രീ ആയാലും അതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ല.
ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്‌റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ വേറെ ഒന്നിലേക്കും എത്തിക്കാതെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ എന്റെ അനിയനാണ്.ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്ത വന്നപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍ ഡാന്‍സ് എല്ലാം തുടങ്ങി. യാത്രകള്‍ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ യാത്രകളൊക്കെ ചെയ്തു.അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട്, ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല. അതൊക്കെയാണ് എന്റെ അനുഭവം.
ഇപ്പോള്‍ മെഡിറ്റേഷന്‍സ് ഒന്നും ഇല്ല. രണ്ട് മൂന്ന് മാസം വളരെ മോശമായിരുന്നു. എന്റെ ജീവിതത്തെ ഞാന്‍ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലപ്പോള്‍ നമുക്ക് സുഹൃത്തുക്കളോടോ കുടുംബത്തോടെ പറയാന്‍ പറ്റാത്തത് ഡോക്ടറോട് പറയാന്‍ പറ്റും. അങ്ങനെയൊരു അവസ്ഥ വന്നാല്‍ നമ്മള്‍ ഒന്നും അവസാനിപ്പിക്കുകയല്ല വേണ്ടത്. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.സുശാന്തിന്റെ മരണവാര്‍ത്തയും മറ്റു മരണ വാര്‍ത്തകളും കാണുമ്പോള്‍ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്‍പിച്ചിട്ടുണ്ട്.എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അപരിചിതനായ ഒരാളോട്, അല്ലെങ്കില്‍ ഒരു ഡോക്‌റോട് നമുക്ക് പറയാന്‍ സാധിച്ചേക്കാം. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കുകളായി പറയുന്നതല്ല…

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here