പുരുഷന്മാരുടെ മുഖക്കുരു : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ കൂടുതലും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണ്. മുഖക്കുരുവിനുള്ള പ്രതിവിധികളും സ്ത്രീകളെ ഉദ്ദേശിച്ചുതന്നെ. പുരുഷന്മാരുടെ ചര്‍മത്തിലും മുഖക്കുരു ഉണ്ടാകാറുണ്ട്. എന്നാല്‍ അവ സുഖപ്പെടുത്തുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊതുവെ ലഭിക്കാറില്ല.
നിങ്ങളുടെ ചര്‍മത്തില്‍ മുഖക്കുരു കണ്ടു തുടങ്ങിയാലോ മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുള്ള ചര്‍മമാണെങ്കിലോ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ചര്‍മം വൃത്തിയായി സൂക്ഷിക്കുക
ദിവസവും രണ്ടു പ്രാവശ്യമെങ്കിലും മുഖം കഴുകി ചര്‍മം വൃത്തിയാക്കുക. അധികസമയവും പുറത്ത് സമയം ചെലവഴിക്കുന്ന ആളാണെങ്കില്‍ ഇത് തീര്‍ച്ചയായും ചെയ്യണം. വായു, പൊടി, അഴുക്ക്, എണ്ണ എന്നിവ നിരന്തരം ഏല്‍ക്കുന്നവര്‍ക്ക് മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. ഈര്‍പ്പമുള്ള വൈപ്‌സ് കൈയില്‍ കരുതുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഇതുപയോഗിച്ച് മുഖം വൃത്തിയാക്കാം. ജോലിസ്ഥലങ്ങളിലും സമയം കിട്ടുന്നതനുസരിച്ച് മുഖം വെള്ളമുപയോഗിച്ച് കഴുകുക. രാസവസ്തുക്കള്‍ അധികം കലര്‍ന്ന സോപ്പുകള്‍ ഉപയോഗിക്കരുത്.

ചര്‍മം അടര്‍ത്തിക്കളയുക
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തെ ചര്‍മം അടര്‍ത്തിക്കളയുന്നത് മുഖക്കുരു വരാനുള്ള സാധ്യത കുറക്കുന്നു. മുഖം നന്നായി ഉരച്ചു കഴുകുകയാണ് ഇതിനുള്ള പ്രതിവിധി. ഇപ്രകാരം ചെയ്യുമ്പോള്‍ ചര്‍മത്തിലെ മൃതകോശങ്ങള്‍ പോയി പുതിയവ ഉണ്ടാകുന്നു. മുഖക്കുരു ഉണ്ടായിരുന്നതിന്റെ പാടുകളും ഇല്ലാതാകുന്നു. മൃദുവായ സാധനങ്ങള്‍ ഉപയോഗിച്ചുവേണം ഉരക്കാന്‍. പരുപരുത്തവ ഉപയോഗിച്ച് ഉരക്കരുത്.

എണ്ണമയമുള്ള ചര്‍മം പരിചരിക്കുക
കൂടുതലായി സെബം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ ചര്‍മം വളരെയധികം എണ്ണമയമുള്ളതായിരിക്കും. എണ്ണമയം കുറച്ച് ചര്‍മം ഉണങ്ങിയതാക്കാന്‍ ഫേസ് വാഷുകളോ ഫേസ് മാസ്‌കുകളോ ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക
സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ അധികമാകുന്നത് അപകടമാണ്. അവ മുഖക്കുരുവിന്റെ നിറം കൂടുതല്‍ കടുത്തതാക്കുന്നു. അതിനാല്‍ അധികമായി വെയില്‍ കൊള്ളുന്ന സാഹചര്യമുള്ളവര്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഓരോ നാലു മണിക്കൂറിലും പുരട്ടണം.

ശ്രദ്ധയോടെ ഷേവ് ചെയ്യുക
ഷേവ് ചെയ്യുമ്പോള്‍ മുറിവുണ്ടാകാതെ സൂക്ഷിക്കണം. ഇത്തരം മുറിവുകള്‍ പിന്നീട് മുഖക്കുരുക്കളായി മാറാന്‍ സാധ്യതയുണ്ട്. അതിനായി പ്രൊഫഷണലിന്റെ സഹായം തേടുകയോ ഇലക്ട്രിക് ഷേവര്‍ ഉപയോഗിക്കുകയോ ചെയ്യുക.

മുടി വൃത്തിയായി കഴുകുക
മുടിയുടെ നീളം ചെറുതായാലും വലുതായാലും അത് അഴുക്കാവാതെയും എണ്ണമയമില്ലാതെയും താരനുണ്ടാകാതെയും നോക്കണം. നിങ്ങള്‍ വിയര്‍ക്കുമ്പോള്‍ മുടിയിലെ അഴുക്കും താരനും മുഖത്തേക്ക് പടരുന്നു. ഇത് മുഖക്കുരു ഉണ്ടാകാന്‍ ഇടയാക്കുന്നു.