കുവൈറ്റ് സിറ്റി: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കാനും പുതിയ അമീര്‍ ശൈഖ് നവാഫ് അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും ആശംസ നേരാനുമാണ് കേന്ദ്രമന്ത്രി കുവൈറ്റിലെത്തിയത്.
ഞായറാഴ്ച രാത്രി കുവൈറ്റിലെത്തിയ മന്ത്രി തിങ്കളാഴ്ച മടങ്ങും. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ കത്തുകള്‍ അദ്ദേഹം കുവൈറ്റ് ഭരണനേതൃത്വത്തിന് കൈമാറി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യബന്ധം എടുത്തുപറഞ്ഞ മന്ത്രി കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണക്കും പരിഗണനക്കും നന്ദി അറിയിച്ചു.
ശൈഖ് സബാഹിന് കീഴില്‍ ഇന്ത്യയും കുവൈറ്റും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധം പുതിയ ഭരണനേതൃത്വത്തിന് കീഴിലും ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈറ്റ് പെട്രോളിയം മന്ത്രി ഡോ.ഖാലിദ് അല്‍ ഫാദിലുമായും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കൂടിക്കാഴ്ച നടത്തി.