സൗദിക്കു മുകളിലൂടെ ഖത്തർ വിമാനം; ഇനി സർവീസ് സൗദിയിലേക്ക്

റിയാദ്: മൂന്നരവർഷം നീണ്ട ഇടവേളയ്ക്കൊടുവിൽ സൗദി അറേബ്യക്കു മുകളിലൂടെ ഖത്തറിന്‍റെ വിമാനങ്ങൾ പറന്നു. ഉപരോധം തീർത്ത ഭിന്നതകൾ ഇരുരാഷ്ട്രത്തലവൻമാരും പറഞ്ഞു തീർത്തതിനു പിന്നാലെ വ്യാഴാഴ്ച രാത്രിയാണ് ജിദ്ദ നഗരത്തിനു മുകളിലൂടെ ഖത്തർ എയർവേയ്സിന്‍റെ ക്യൂആർ 1365 വിമാനം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്കു പറന്നത്. ഖത്തർ സമയം രാത്രി എട്ടേ മുക്കാലിന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ആഫ്രിക്കൻ പ്രാദേശിക സമംയ പുർച്ചെ 4. 35ന് ജൊഹാന്നസ് ബർഗ് വിമാനത്താവളത്തിലിറങ്ങും.

ഖത്തറിനുമേൽ ഗൾഫ് രാഷ്ട്രങ്ങൾ തീർത്ത ഉപരോധം ഇക്കഴിഞ്ഞ അൽഉല ഉച്ചകോടിയിൽ ഒപ്പുവച്ച കരാർ പ്രകാരം അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഖത്തറുമായുള്ല ബന്ധം ഊഷ്മളമാക്കാനും ഗൾഫ് രാജ്യങ്ങളുടെ ഐക്യം കെട്ടിപ്പടുക്കാനും തീരുമാനമുണ്ടായി. ഇതിന്‍റെ തുടർച്ചയായാണ് സൗദി വ്യോമ പാതയിലൂടെ ഖത്തർ വിമാനം പറന്നത്.

കൂടുതൽ വിമാനങ്ങൾ സൗദി വ്യോമപാത വഴി കടന്നുപോകുന്നതിനുള്ള സ്കെഡ്യൂൾ തയാറായതായി ഖത്തർ എയർവെയ്സ് അധികൃതർ ട്വീറ്ററിലൂടെ അറിയിച്ചു. വ്യോമപാത ഉപയോഗിച്ചതിനു പിന്നാലെ സൗദിയുമായുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളും നടന്നുവരുകയാണ്. ഉടൻ തന്നെ ഖത്തർ വിമാനങ്ങൾ സൗദിയിലിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017ൽ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ, സൗദി അറേബ്യ കൂടാതെ ഈജിപ്റ്റ്, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്ന് ഈ രാജ്യങ്ങളുമായുള്ള കടൽ, കര, വ്യോമ അതിർത്തികൾ അടയ്ക്കുകയുമുണ്ടായി. എന്നാൽ, അൽഉല ഉച്ചകോടി നടക്കുന്നതിനു തൊട്ടു തലേന്ന് അതിർത്തികൾ തുറക്കാൻ തീരുമാനമുണ്ടാകുകയായിരുന്നു.