ലിപ്സ്റ്റിക് അപകടകാരി, സൂക്ഷിക്കാം

വിവിധ ബ്രാന്‍ഡുകളുടെ പല നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ലഭ്യമാണ്. നിരവധി രാസവസ്തുക്കള്‍ ചേര്‍ന്നതാണ് ഇവയൊക്കെയും. ചുണ്ട് ചുമപ്പിക്കും മുമ്പ് ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കുക..

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെര്‍ക്ലീസ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ലിപ്സ്റ്റിക്കുകളില്‍ പലവിധത്തിലുള്ള വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. വിപണിയില്‍ ലഭ്യമായ നിരവധി ബ്രാന്‍ഡുകള്‍ പഠന വിധേയമാക്കി. അവയില്‍ പലതിലും ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്, അലൂമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.

ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ശീലം യുവതികളില്‍ ലൈംഗികശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളെ മാരകരോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ലിപ്സ്റ്റിക് ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. ലിപ്സ്റ്റിക് പതിവാക്കിയ ഗര്‍ഭിണികളും യുവതികളും അടങ്ങുന്ന 1700 സ്ത്രീകളെ ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. മാതാവിന്റെ പൊക്കിള്‍ക്കൊടി വഴിയാണ് ലിപ്സ്റ്റികിലെ ലെഡ് അംശം കുട്ടിയിലെത്തുന്നത്. കുട്ടിയുടെ തലച്ചോറിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടുന്ന ലെഡ് നാഡീവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. പിന്നീടത് നാഡീസംബന്ധമായ രോഗങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും നയിക്കുന്നു. കുട്ടികളിലെ ഭാഷാപഠനം മന്ദഗതിയിലാകാന്‍ ഇത് കാരണമാകും. ഇത്തരം കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എളുപ്പത്തില്‍ വിഘടിച്ച് പുറത്തുപോകാത്ത ലെഡ് ജീവിതാവസാനം വരെ വിഷാംശമായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിലനിന്നേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശരീരത്തിലെത്തുന്ന ലെഡ് രക്തത്തിലേക്കും എല്ലുകളിലേക്കും മൃദുല കോശങ്ങളിലേക്കും എത്തുന്നു. അധികമായെത്തുന്ന ഈ ലെഡ് ഹൃദ്രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനും രക്താതിസമ്മര്‍ദ്ദത്തിനും കൊറോണറി ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു. കാഡ്മിയം അര്‍ബുദത്തിന് കാരണമാകുന്ന ഘടകമാണ്. ഇത് ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ശ്വാസകോശാര്‍ബുദത്തിന് കാരണമാകുകയും ചെയ്യുന്നു. ഗര്‍ഭിണികളുടെ ശരീരത്തില്‍ കാഡ്മിയം എത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവിനു കാരണമാകുകയും അസ്ഥികൂടത്തിന്റെ വികാസത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

ലിപ്സ്റ്റിക്കുകളില്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവ്സ് സ്തനാര്‍ബുദത്തിന് കാരണമാകുന്നു. കൂടാതെ, ചര്‍മത്തില്‍ അലര്‍ജി, കണ്ണിന് ചൊറിച്ചില്‍, ചുമ, ശ്വാസം മുട്ടല്‍ എന്നിവയ്ക്കും ഇടയാക്കുന്നു.
കുട്ടികള്‍ക്ക് ലിപ്സ്റ്റിക് ഒട്ടും തന്നെ നല്ലതല്ല. അതിനാല്‍ വളരെ വിരളമായല്ലാതെ കുട്ടികളെ ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ അറിയാതെ ഇത് കഴിക്കാനുള്ള സാധ്യതയുണ്ട്. ഇത് കുട്ടികളില്‍ വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. എക്സ്പയറി കഴിഞ്ഞ ഉല്‍പ്പന്നങ്ങളും മോശം ബ്രാന്‍ഡുകളും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ലിപ്സ്റ്റിക് ദിവസത്തില്‍ രണ്ടു തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.