റിയാദ്: സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മലയാളിയുൾപ്പെടെ നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലം ആയൂർ വട്ടപ്പാറ സ്വദേശി ജംഷീറാ(28)ണ് മരിച്ച മലയാളി. രണ്ട് സ്വദേശി പൗരന്മാരും മറ്റൊരു രാജ്യക്കാരനും മരിച്ചിട്ടുണ്ട്. തലസ്ഥാനമായ റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മിക്ക് സമീപം ലബ്ക എന്ന സ്ഥലത്ത് വ്യാഴാഴ്ച വൈകീട്ടാണ് അപകടം. സെയിൽസ് വാനും പിക്കപ്പ് വാനും ട്രെയ്ലറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും തീപിടിച്ചു.
പച്ചക്കറി കടയിൽ സെയിൽസ്മാനായ മരിച്ച ജംഷീർ റിയാദിൽ നിന്ന് ദവാദ്മിയിലേക്ക് വാനിൽ പച്ചക്കറി കൊണ്ടുവരികയായിരുന്നു. വാനിൽ ഒപ്പമുണ്ടായിരുന്ന ജംഷീറിന്റെസഹപ്രവർത്തകനായ സുധീറിനും പരിക്കേറ്റു. ഇവരുടെ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. ജംഷീർ പുതിയ വിസയിൽ ആറു മാസം മുമ്പാണ് ദവാദ്മിയിൽ എത്തിയത്.