ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ നിരവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ആഗസ്റ്റ് 18 മുതല്‍ 31 വരെ രാജ്യത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഹോങ്കോങ് സര്‍ക്കാര്‍ തീരുമാനമെന്ന് ദക്ഷിണ പൂര്‍വേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 14ന് ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ 11 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഹോങ്കോങ് സര്‍ക്കാറിന്റെ നടപടിയെന്നാണ് വിവരം. യാത്രക്കുമുമ്പുള്ള എയര്‍ ഇന്ത്യയുടെ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാണ് ആരോപണം.
ഇക്കാര്യം ശരിവെച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പും വന്നിട്ടുണ്ട്. ഹോങ്കോങ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ എയര്‍ ഇന്ത്യ 310/315 ആഗസ്റ്റ് 18, 21 തീയതികളിലെ ഡല്‍ഹി, ഹോങ്കോങ് സര്‍വീസുകള്‍ മാറ്റിവെച്ചു. പുതുക്കിയ യാത്രാ തീയതി ഉടനറിയിക്കും. വിവരങ്ങള്‍ക്ക് യാത്രക്കാര്‍ എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം എന്നുമാണ് കമ്പനി ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.