വന്ദേഭാരത് വിമാനങ്ങളില്‍ ഇനി ബുക്കിങ് ഓണ്‍ലൈനില്‍

ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ബുക്കിങ് നടത്താം. ആഗസ്റ്റ് അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോട്ടേക്കുമാണ് സര്‍വിസ്. കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് ഒരു മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും.