‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല…’ എന്ന് തുടങ്ങുന്ന മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫായിസിന്റെ വാചകം കടപ്പാട് പോലും രേഖപ്പെടുത്താതെ പരസ്യ വാചകമാക്കിയ മലബാര്‍ മില്‍മ തെറ്റു തിരുത്തി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ ഫായിസിന് റോയല്‍റ്റിയും സമ്മാനങ്ങളുമായി ഇന്ന് രാവിലെ മില്‍മ അധികൃതര്‍ ഫായിസിന്റെ വീട്ടിലെത്തി. 10,000 രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടെലിവിഷനും മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും അവര്‍ ഫായിസിനു നല്‍കി. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. കടലാസ് കൊണ്ട് പൂവ് നിര്‍മിക്കുന്ന വിധം വിശദീകരിച്ച ശേഷമുള്ള ഫായിസിന്റെ വാചകമാണ് കടപ്പാട് പോലും പറയാതെ മലബാര്‍ മില്‍മ പരസ്യവാചകമാക്കിയത്. ഇതോടെ പോസ്റ്റിന് താഴെ പ്രതിഷേധ സ്വരവുമായി നിരവധി പേരെത്തി. ഫായിസിന് അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള റോയല്‍റ്റി മില്‍മ കൊടുക്കണമെന്നായിരുന്നു ഒരു വലിയ വിഭാഗത്തിന്റെ ആവശ്യം.