സാഹസികർക്ക് വഴിതുറന്ന് ഷാർജ എക്സ് ക്വാറി

ഷാർജ: യുഎഇയിലെ ആദ്യ ഓഫ്റോഡ് അഡ്വഞ്ചർ പാർക്ക് എക്സ് ക്വാറി അഞ്ചിന് ഷാർജയിൽ പ്രവർത്തനമാരംഭിക്കും. മെലീഹയിൽ തുടങ്ങുന്ന പാർക്കിൽ ട്രെക്കിങ്, റിമോട്ട് കാർ റേസ്, ഓഫ് റോഡ് ട്രാക്ക്, മൗണ്ടയ്ൻ ബൈക്കിങ്, ഹൈക്കിങ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടാകും. ഷാർജ നിക്ഷേപവികസന വകുപ്പിന്‍റെയും മെലീഹ ആർക്കിയോളജി സെന്‍ററിന്‍റെയും സംയുക്ത പങ്കാളിത്തത്തിലാണ് പാർക്കിന്‍റെ പ്രവർത്തനം.

റിമോട്ട് കാർ മത്സരയോട്ടങ്ങൾക്ക് പ്രത്യേക ട്രാക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള ഒബ്സ്റ്റക്കിൾ റൺ ട്രാക്ക് മറ്റൊരു പ്രത്യേകത. ഫോർവീൽ ഡ്രൈവിങ് കൂടുതൽ മനസിലാക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഇവിടുണ്ട്. വിവിധ പ്രായക്കാരെ ഉദ്ദേശിച്ചുള്ള ക്രമീകരണങ്ങളാണ് പാർക്കിലുള്ളത്. വാരാന്ത്യങ്ങളിലാണ് പാർക്കിന്‍റെ പ്രവർത്തനം. അതേസമയം, ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച്, ആറ് ദിവസങ്ങളിൽ പ്രവർത്തിക്കും. രജിസ്ട്രേഷന് www.xquarry.com.

പത്തുലക്ഷം സ്ക്വയർ മീറ്ററിലാണ് അഡ്വഞ്ചർ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഇതിൽ 15 കിലോമീറ്റർ നീളമുള്ള ഓഫ് റോഡ് ട്രാക്ക് ഏറെ ശ്രദ്ധേയം. കല്ലും ചെളിയും നിറഞ്ഞ ട്രാക്കിൽ മറ്റു 20 പ്രതിബന്ധങ്ങൾകൂടി ഉണ്ടാകും. ഡെസേർട്ട് സഫാരിക്കും സൗകര്യമുണ്ട്.