കോപ്പിയടി പിടിക്കേണ്ടത് അധ്യാപകരുടെ ജോലി; ദുര്‍ബലര്‍ ആത്മഹത്യ ചെയ്യും, കഠിനഹൃദയര്‍ അധ്യാപകരെ കുത്തും

പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് പരീക്ഷഹാളില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതോടെ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്ററിനുമൊക്കെ എതിരെ ഒരു വിഭാഗം വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അധ്യാപികയും എഴുത്തുകാരിയും ആയ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ”കോപ്പിയടി തെറ്റാണ്. അതു കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്നത് ചിലര്‍ക്കെങ്കിലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. കണ്ടെത്തിയാല്‍ നിയമാനുസൃതം നടപടിയെടുക്കാതിരിക്കുന്നത് നിയമപരമായി തെറ്റുതന്നെയാണ്’ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പരീക്ഷ നടക്കുന്ന ഹാളില്‍ ഡ്യൂട്ടിക്കു നില്‍ക്കല്‍, പുറത്തു നിന്നു കമന്റ് പറയുന്നത്ര എളുപ്പമല്ല. കോപ്പിയുണ്ടെങ്കില്‍ അതു കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ആ മുറിയില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തുന്നതെന്നറിയാം. അതാണ് ചെയ്യേണ്ടതെന്നറിയാം. ഡ്യൂട്ടി അതു തന്നെയാണ്.കോപ്പി പിടിച്ച് അധികാരികളെ ഏല്‍പിക്കുക എന്നതാണ് നിയമം, അതിനു മാത്രമേ ഇന്‍വിജലേറ്റര്‍ക്ക് ഉത്തരവാദിത്തമുള്ളു. റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരത്തിനപ്പുറം നിയമപരമായി മറ്റൊന്നും തത്കാലം കോളേജധികാരികള്‍ക്കില്ല. രക്ഷിതാവിനെ അറിയിക്കണമെന്നുള്ളതൊക്കെ നിയമപരിധിയില്‍ കൊണ്ടു വന്നാല്‍ അതു നല്ലതാണ്. പക്ഷേ, അത് കുട്ടിയുടെ സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായകമാകുമെങ്കില്‍ മാത്രം..

ഷര്‍ട്ടിന്റെ കൈ മടക്കില്‍, തൂവാലയില്‍, കൈവെള്ളയില്‍, ഹോള്‍ ടിക്കറ്റില്‍ ഒക്കെ കോപി കരുതുന്നവരുണ്ട്.. പല തവണ പറയും, ‘കോപി കരുതിയിട്ടുണ്ടെങ്കില്‍ മാറ്റിക്കോ, അതാണ് നമുക്കു രണ്ടിനും നല്ലത് ‘ എന്ന്. കണ്ടാല്‍ പിടിക്കണ്ടേ? റിപ്പോര്‍ട്ട് ചെയ്യണ്ടേ?

നെല്ലു കാക്ക കൊത്താതെ കാത്തിരിക്കുന്നതു പോലെയാണ് പരീക്ഷാ മുറിയിലെ അധ്യാപകരുടെ ജാഗ്രത. സുഗമമായി കോപ്പിയടിക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല എന്നു മാത്രം എനിക്കു പറയാന്‍ കഴിയും.. കോപ്പിയടിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവരെ നയിക്കാതിരിക്കാന്‍ എന്റെ മുറികളില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കണ്ണുവെട്ടിച്ചവരുണ്ടാകാം.അത് മനസ്സിലാക്കിയാല്‍ അവരിലേക്ക് ഒരു ശ്രദ്ധ കൂടുതലുണ്ടാകും, അതവര്‍ക്കറിയുകയും ചെയ്യാം. വലിയ പ്രശ്‌നങ്ങളില്ലാതെ ഔദ്യോഗിക കാലം കടന്നു പോയി. കോപ്പി പിടിച്ചതിന്റെ പേരില്‍ തല്ലും വെട്ടും കുത്തും കൊണ്ട അധ്യാപകരെയും ഓര്‍ക്കുന്നുണ്ട്.

കുട്ടിക്ക് ഇന്‍വിജിലേറ്റര്‍ പിടിക്കരുതെന്ന്, ഇന്‍വിജിലേറ്റര്‍ക്ക് എക്‌സ്‌റേണല്‍ എക്‌സാമിനറും സര്‍വ്വകലാശാലയുടെ സ്‌ക്വാഡും പിടിക്കരുതെന്ന്, സര്‍വ്വകലാശാലക്ക് അതിനും മുകളിലുള്ളവര്‍ പിടിക്കരുതെന്ന്.. ഈച്ച, തവള, പാമ്പ്, പരുന്ത് ശൃംഖല പോലെയൊന്നാണത്.

തരം കിട്ടിയാല്‍ കീഴെയുള്ളവരോട് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അവസരം നോക്കിയിരിക്കുന്ന അധികാര കേന്ദ്രങ്ങളില്‍ വി സി മുതല്‍ താഴോട്ട് അധ്യാപകര്‍ വരെയും സെക്ഷന്‍ ക്ലാര്‍ക്കു വരെയും ഉണ്ടെന്നാണ് പലരുടെയും അനുഭവങ്ങള്‍ പറയുന്നത്. അതു കൊണ്ട് ഇത്തരം വിഷയങ്ങളിലൊന്നും തീര്‍പ്പുകല്‍പിക്കാനാവില്ല. കോപ്പിയടി തെറ്റാണ്. അതു കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്നത് ചിലര്‍ക്കെങ്കിലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. കണ്ടെത്തിയാല്‍ നിയമാനുസൃതം നടപടിയെടുക്കാതിരിക്കുന്നത് നിയമപരമായി തെറ്റുതന്നെയാണ്. പരീക്ഷാ സംവിധാനത്തില്‍ തകരാറുകളുണ്ട്. ദുര്‍ബലമനസ്‌കര്‍ ആത്മഹത്യ ചെയ്‌തേക്കാം. കഠിനഹൃദയര്‍ അധ്യാപകരെ കുത്തിയെന്നും വരാം. ആത്മഹത്യക്കും കൊലയ്ക്കും ഇടയിലാണ് ഇന്‍വിജിലേറ്ററുടെ ജീവിതം. പരീക്ഷാ സംവിധാനം കുറച്ചു കൂടി വിദ്യാര്‍ഥി സൗഹൃദപരമാകണം. അധ്യാപകരേയും വിദ്യാര്‍ഥികളേയും ധാര്‍മ്മികമായും മാനുഷികമായും നിയമപരമായും ഉള്‍ക്കൊള്ളുന്ന ഒരു ഉടച്ചുവാര്‍ക്കലിന് ഇനി വൈകിക്കൂടാ.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here