കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും,ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം വഹിക്കണമെന്നുമുള്ള .കേന്ദ്രനിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ അംഗം ഇബ്രാഹിം എളേറ്റിലടക്കം നല്കിയ ഹര്‍ജികളിലാണിത്. കേരളത്തിലിതുവരെ ഈ നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.പ്രവാസികളുടെ യാത്രയ്ക്കും കൊവിഡ് ടെസ്റ്റിനുമുള്ള ചെലവുകള്‍ക്കു പുറമേ, ക്വാറന്റൈന് 14,000 രൂപ വീതം ചെലവു വരുമെന്ന് , ഹൈക്കോടതിയുടെ ചോദ്യത്തിന് അഡിഷണല്‍ എ.ജി മറുപടി നല്കി. ലക്ഷക്കണക്കിന് പ്രവാസികള്‍ മടങ്ങി വരുന്നതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രവാസികളെ മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മേയ് ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ ,ഇവരെ പാര്‍പ്പിക്കാന്‍ 1.65 ലക്ഷം മുറികള്‍ സജ്ജീകരിച്ചെന്നും പണം നല്കി ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്ക് വന്‍തോതില്‍ ലഭിച്ച തുക ഇതിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍, പൊതു പ്രവര്‍ത്തകനായ ഹര്ജിക്കാരന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടില്ലെന്ന് അഡീ. എ.ജി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാലേ ഹര്‍ജി നല്‍കാനാവൂ എന്നു പറയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.