സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല. പകരം ജയില്‍ ശിക്ഷയും പിഴയുമായിരിക്കുമുണ്ടാവുക. ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാന്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്. സൗദി അറേബ്യയില്‍ ഏതാനും ചില കുറ്റകൃത്യങ്ങള്‍ക്ക് നടപ്പാക്കിയിരുന്ന ചാട്ടവാറടി നിര്‍ത്തലാക്കിയുള്ള സുപ്രിംകോടതി തീരുമാനം അറിയിച്ച് നീതിന്യായ വകുപ്പ് മന്ത്രിയും സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് വാലിദ് അല്‍ സമാനി രാജ്യത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. ചാട്ടയടിക്ക് പകരം തടവ് ശിക്ഷയോ പിഴയോ രണ്ടുമൊന്നിച്ചോ അല്ലെങ്കില്‍ പകരം ശിക്ഷകളോ നല്‍കാമെന്നതാണ് സുപ്രിംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നത്. ശിക്ഷയെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് നിയമനടപടി നടപ്പാക്കിയിരിക്കുന്നതെന്ന് സര്‍ക്കുലറിലുണ്ട്. കള്ള്, കഞ്ചാവ്, ബലാല്‍സംഗം, അടിപിടി തുടങ്ങിയ കേസുകള്‍ക്കാണ് ചാട്ടവാറടി വിധിച്ചിരുന്നത്. ഓരോ കേസുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങളെടുക്കുമെന്നും നീതിന്യായ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നീതിന്യായ മന്ത്രാലയ തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന് സ്വാഗതം ചെയ്തു.