‘പഴങ്ങളുടെ രാജാവ്’; പക്ഷേ ബസില്‍ കയറ്റില്ല

തെക്കു കിഴക്കൻ ഏഷ്യയിൽ ‘പഴങ്ങളുടെ രാജാവ്’ എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂർത്തു മൂർത്ത നീളൻ കട്ടിമുള്ളുകളും അനന്യസാധാരണമായ ഗന്ധവും.. ഇത്രയുമാണ് ദുരിയാൻ പഴത്തിന്റെ മുഖമുദ്രകൾ. കേൾക്കുമ്പോൾ ആ ഓമന പഴത്തിനെ രുചിക്കാമെന്ന് കരുതി ഓടി അടുക്കുന്നവർ ക്ഷണം നേരം കൊണ്ട് പിന്നോട്ട് വലിയും. കാരണം എന്താണെന്നല്ലേ ! ദുരിയാൻ പഴത്തിന്റെ അരോചകമായ ഗന്ധം. അതിനാൽ ‘സ്വർഗത്തെപ്പോലെ സ്വാദിഷ്ഠവും നരകത്തെപ്പോലെ ഗന്ധവും’ ഉളള ഫലം എന്ന് ചില രസികന്മാർ ദുരിയാനെ വിശേഷിപ്പിക്കാറുണ്ട്. ഒരു പക്ഷേ, സ്വാദു കൊണ്ട് ഇത്രയേറെ ആരാധകരും ദുർഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുളള മറ്റൊരു പഴം സസ്യകുലത്തിൽ തന്നെ ഉണ്ടെന്നും തോന്നുന്നില്ല.

ഈ അസഹനീയമായ ദുർഗന്ധം കൊണ്ടുതന്നെ ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ദുരിയാൻ പഴം പൊതുഗതാഗത മാർഗത്തിൽ കൊണ്ടു പോകുന്നതിന് നിരോധനമുണ്ട്. ബസിലും മറ്റുമിരുന്ന് ഇത് കഴിക്കുന്നതിന് വിലക്കുണ്ട്.

എന്നാൽ, തായ്‌ലാന്റിൽ ദുരിയാൻ താരമാണ്. തായ്‌ലന്റിലെ ചന്ദാബുരി പ്രവശ്യയിൽ എല്ലാ വർഷവും മെയ് മാസം ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ലോക ദുരിയാൻ ഉത്സവം സംഘടിപ്പിക്കുക പതിവാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ദുരിയാൻ തോട്ടങ്ങൾ നിലവിലുളള മേഖലയും കൂടെയാണിത്. വിവിധതരം ദുരിയാൻ പഴങ്ങൾ രുചിക്കാൻ ഒരപൂർവ അവസരം കൂടിയാണ് ദുരിയാൻ ഉത്സവം.