ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി. എന്നാല്‍ 213 പേര്‍ക്ക് കൂടി ഖത്തറില്‍ രോഗം ഭേദമായി. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി. അതേസമയം രോഗവ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച്ച മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്നാണ് ഉത്തരവ്