തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ പ്രളയകാലത്തിലെന്നപോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സംഘടനാ നേതാക്കളുമായി അദ്ദേഹം പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാം എന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതേസമയം സാലറി ചലഞ്ചിനോട് സഹകരിക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തെ ശമ്പളം എന്നതില്‍ ഇളവുവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിനുശേഷം നവകേരളനിര്‍മ്മിതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്ത ശമ്പളം നല്‍കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് ഏറ്റെടുത്തിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഭരണപക്ഷ അനുകൂല സംഘനയിലുള്ളവര്‍ ഭൂരിഭാഗവും സാലറി ചലഞ്ചിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രതിപക്ഷ സംഘടനകളില്‍ ഉള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു.