ദുബായിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ദുബായ് : ദുബായിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയന്ത്രണങ്ങളെന്നും അവ പാലിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി യോഗം നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പാര്‍ട്ടി നടത്തുന്നവര്‍ക്ക് കനത്ത പിഴയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസ്‌ക്‌ ധരിക്കാത്തവര്‍ക്കും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും.

നിയമം ലംഘിച്ച്‌ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹമാണ് പിഴ. അതോടൊപ്പം അത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന ഓരോ ആള്‍ക്കും 15,000 ദിര്‍ഹം വീതം പിഴ ചുമത്തും. ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സ്വകാര്യ പാര്‍ട്ടികളിലും കുടുംബ ചടങ്ങുകളിലും പരമാവധി 30 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം സൂക്ഷിക്കുന്നതിന് പങ്കെടുക്കുന്ന ഒരാള്‍ക്ക് ചുരുങ്ങിയത് നാല് ചതുരശ്ര മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം.

പ്രായമായവര്‍, വിട്ടു മാറാത്ത അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, പനി, ചുമ പോലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ ന്യൂ ഇയര്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന കര്‍ശന വ്യവസ്ഥയുമുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി വ്യാപകമായ പരിശോധനകള്‍ നടത്തുമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.