ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇ ഒഴികെ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസ് തുടരും

അന്‍ഷാദ് കൂട്ടുകുന്നം


റിയാദ്: ഗള്‍ഫിലെ സ്‌കൂളുകളില്‍ കോവിഡ് 19 പ്രമാണിച്ച് നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. കുവൈറ്റില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് വിദ്യാഭ്യാസ മന്ത്രി ഡോ.സൗദ് അല്‍ ഹാര്‍ബി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറില്‍ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം റഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. സൗദി അറേബ്യയിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. യു.എ.ഇയില്‍ ഷാര്‍ജ ഒഴികെ എല്ലായിടത്തും ക്ലാസുകള്‍ തുടങ്ങാന്‍ ഇപ്പോള്‍ അനുമതിയുണ്ട്.
ബഹ്‌റൈനിലും നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ ആരംഭിക്കാമെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള സ്‌കൂളുകള്‍ക്കു മാത്രമേ റഗുലര്‍ ക്ലാസ് ആരംഭിക്കാനാകൂ.
ഒമാനില്‍ നവംബര്‍ ഒന്നിന് മാത്രമേ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. ജോര്‍ദാനിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടക്കുക.
അതേസമയം വേനലവധി കഴിഞ്ഞ് സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇന്ത്യന്‍ എംബസി നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചിരുന്നില്ല.
യു.എ.ഇയിലെ സ്‌കൂളുകളില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് തടസ്സമില്ല. ചില സ്‌കൂളുകള്‍ റഗുലര്‍ ക്ലാസുകള്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ആരംഭിക്കുമെന്നറിയിച്ചിട്ടുണ്ട്. നാലും അഞ്ചും ബ്ലോക്കുകളായി തിരിച്ചാണ് യു.എ.ഇയില്‍ ക്ലാസ് ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സ്‌കൂള്‍ മുഴുവന്‍ പൂട്ടിയിടുന്നത് ഒഴിവാക്കാനാണ് ബ്ലോക്കുകളായി തിരിക്കുന്നത്. ഓരോ ബ്ലോക്കുകളിലേയും കുട്ടികള്‍ക്ക് പരസ്പരം കാണാന്‍ കഴിയില്ല.
ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഇപ്പോള്‍ നടക്കുകയുള്ളൂ. അതേസമയം അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് റഗുലര്‍ ക്ലാസ് എടുക്കാം. 25 ശതമാനം വീതം കുട്ടികള്‍ക്കേ ദിവസവും സ്‌കൂളില്‍ പ്രവേശനമുണ്ടാകൂ. ഘട്ടംഘട്ടമായിട്ട് ഇതിന് അയവു വരുത്താം.
അതേസമയം ഷാര്‍ജ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മൂന്നു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി ഓരോ ക്ലാസിലും 17 വിദ്യാര്‍ത്ഥികളേ മാത്രമേ പ്രവേശിപ്പിക്കൂ.
ബഹ്‌റൈനില്‍ ആരോഗ്യ നടപടികള്‍ സംഘടിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഓരോ സ്‌കൂളിലും പ്രത്യേകക ടീമിനെ രൂപീകരിക്കും, മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും കോവിഡ് നിയന്ത്രണ നടപടിയും കൈക്കൊള്ളാനും നിര്‍ദേശിക്കുന്നുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here