അഡ്വ. ബി ആർ എം ഷഫീറിനെ ദമ്മാമില്‍ സ്വീകരിച്ചു

 

ദമ്മാം : ജനുവരി 30 ന്  കാശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തിൽ  ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടോപ്പം സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായ് ദമ്മാമിലെത്തിയ കെ പി സി സി സെക്രട്ടറി  അഡ്വ.ബി ആർ എം ഷഫീറിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. 

റിപ്പബ്ലിക് ദിനമായ വ്യാഴാഴ്ച  രാവിലെ പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിൽ അഡ്വ.ബി ആർ എം ഷഫീർ ദേശീയ പതാക ഉയർത്തും.

തുടർന്ന്  വൈകിട്ട് ഏഴ് മണിക്ക് ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ  നടക്കുന്ന ഭാരത്  ജോഡോ ഐക്യദാർഢ്യ സമ്മേളനത്തിൽ വച്ച് 2023 – 2025 കാലയളവിലേക്ക് കെ പി സി സി നൽകുന്ന ഒ ഐ സി സി മെമ്പർഷിപ്പ്  കാർഡുകളുടെ ഗൾഫ് മേഖലയിലെ ഔദ്യോഗിക വിതരണോത്ഘാടനവും അഡ്വ. ബി ആർ എം ഷഫീർ നിർവ്വഹിക്കും. സമ്മേളനത്തിന് മുന്നോടിയായ് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഉംറ നിർവ്വഹിച്ചതിന് ശേഷം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ഒ ഐ സി സി യുടെ വിവിധ കമ്മിറ്റികൾ സംഘടിപ്പിച്ച  പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ബുധനാഴ്ച ഉച്ചക്ക് ദമ്മാമിലെത്തിയ അഡ്വ.ബി ആർ എം ഷഫീർ രണ്ട് ദിവസത്തെ ദമ്മാം’സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങും. ഒ ഐ സി സി നേതാക്കളായ റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, നിസാർ മാന്നാർ, എ കെ സജൂബ്, അസ്ലം ഫറോക്ക്, ഗഫൂർ വടകര, ഷാഹിദ് കൊടിയേങ്ങൽ തുടങ്ങിയവർ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയോടൊപ്പം അഡ്വ.ബി ആർ എം ഷഫീറിനെ സ്വീകരിക്കുവാൻ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്‌ട്ര  വിമാനത്താവളത്തിലെത്തിയിരുന്നു.