ദുബായ്: കൃഷിക്കും കാർഷിക ജീവിതത്തിനും വൻ തിരിച്ചടിയായി വെട്ടുകിളികൾ തിരിച്ചെത്തുന്നതായി യുഎൻ ഭക്ഷ്യ, കാർഷിക വിഭാഗത്തിന്റെ മുന്നറിയിപ്പ്. മരുപ്രദേശത്തു കാണുന്ന വെട്ടുകിളികൾക്കെതിരേ കഴിഞ്ഞവർഷം കാര്യക്ഷമമായി ഇടപെടലുകൾ നടത്തിയെങ്കിലും ഒരിടവേളയ്ക്കുശേഷം ഇവ പൂർവാധികം കരുത്താർജിച്ചു തിരിച്ചെത്തുകയാണ്. കിഴക്കൻ ആഫ്രിക്കൻ മുനമ്പിൽനിന്ന് യെമനിലേക്ക് കൂട്ടത്തോടെ വെട്ടുകിളികൾ എത്തുമെന്നാണ് മുന്നറിയിപ്പ്.
അനുകൂലമായ കാലാവസ്ഥയും വ്യാപകമായ മഴയും വെട്ടുകിളികളുടെ പ്രജനനത്തിന് സഹായകമായെന്നും കിഴിക്കൻ എത്യോപ്യയിലും സൊമാലിയയിലും ഇവ വൻ തോതിൽ പെറ്റുപെരുകിയെന്നും എഫ്എഒ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ചെങ്കടൽ തീരത്ത് പുതിയ വീണ്ടും പ്രജനനം വർധിക്കാനിടയുള്ളതിനാൽ വരുന്ന മാസങ്ങളിൽ വെട്ടുകിളികൾ വൻ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.
മൂന്നുവർഷം നീണ്ട വരൾച്ചയ്ക്കു പിന്നാലെ കഴിഞ്ഞവർഷമുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്ന മേഖലയ്ക്ക് വെട്ടുകിളികളുടെ ആക്രമണം വലിയ തിരിച്ചടിയായേക്കും. കൂടാതെ, കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘതവും ജനങ്ങളെ വലയ്ക്കുകയാണ്.
ഒരു ചതുരശ്ര കിലോമീറ്റർ വരുന്ന വെട്ടുകിളികൾ ഏതാണ്ട് 35,000 പേർ ഒരുദിവസം കഴിക്കുന്ന ഭക്ഷണം അകത്താക്കും. സൗദി അറേബ്യ വർഷങ്ങളായി വെട്ടുകിളികളെ തുരത്താനുള്ള ശ്രമം നടത്തിവരുന്നുണ്ടെങ്കിലും ഇത്തവണ ഇവിടെയും പ്രശ്നം സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എരിത്രിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളെയും ഇവ സാരമായി ബാധിച്ചേക്കും.
സൗദിയിൽ വെട്ടുകിളി ശല്യം നിരീക്ഷിക്കാനും ഇവയെതുരത്താനുമായി കാർഷിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിദഗ്ധ സംഘം പ്രവർത്തിച്ചു വരുന്നുണ്ട്. മണ്ണിലും വായുവിലുമായി പ്രത്യേകസംഘം ജാഗ്രതയോടെ ഇവയ്ക്കെതിരേ പ്രവർത്തിച്ചു വരുകയാണ്.
മിശ്രഭുക്കുകളായ വെട്ടുകിളികൾ മിക്കാവാറും എല്ലാ കാർഷിക വിളകൾക്കും വെല്ലുവിളിയാണ്. ധാന്യ വിളകൾപോലെ തന്നെ ഈന്തപ്പനകളെയും ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നു. കൂട്ടംചേർന്ന് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന ഇവയുടെ എണ്ണം പലപ്പോവും ഒരു ചതുരശ്രകിലോമീറ്ററിൽ എട്ടുകോടി വരെയാണ്. കഴിഞ്ഞ വർഷം തെക്കൻ റിയാദ്, അസിറിന്റെ തെക്കു കിഴക്കൻ ഭാഗങ്ങൾ,നജ്റാൻ, കിഴക്കൻ മരുപ്രദേശം തുടങ്ങിയ മേഖലകളിൽ വെട്ടുകിളികളെ തുരത്താൻ 40 ടീമുകളെ സൗദി അധികൃതർ നിയോഗിച്ചിരുന്നു. ഒമാൻ, ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഇതിനെതിരേ രംഗത്തെത്തുകയുണ്ടായി.