ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകാൻ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഉത്തരാഖണ്ഡിൽ ഒന്ന് വിയർക്കും. മറ്റ് ഔദ്യോഗിക നിബന്ധനകൾ പാലിച്ച ശേഷം അപേക്ഷകന്റെ സമൂഹമാദ്ധ്യമങ്ങളിലെ സ്വഭാവം കൂടി അറിഞ്ഞ ശേഷമേ പൊലീസ് പാസ്പോർട്ട് ഇനി അനുവദിക്കൂ. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഈ വിവരം അറിയിച്ചത്.
സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചുളള ദുരുപയോഗം അവസാനിപ്പിക്കാനാണ് ഈ നടപടിയെന്നാണ് ഡിജിപി അശോക് കുമാർ അറിയിച്ചത്. ഇത് നടപ്പാക്കേണ്ട നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് പുതിയ നടപടിയല്ലെന്നും പാസ്പോർട്ട് നിയമത്തിൽ ഇതിനെകുറിച്ച് പറയുന്നുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പാസ്പോർട്ട് നൽകേണ്ടെന്നാണ് നിയമത്തിലുളളത്. ഇതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
റിപബ്ളിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങൾ വലിയ പ്രചോദനമായെന്നും ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കാൻ ഈ നടപടി ആവശ്യമാണെന്നും അശോക് കുമാർ അഭിപ്രായപ്പെട്ടു. നിലവിൽ പാസ്പോർട്ട് പരിശോധനയ്ക്ക് പൊലീസ് പ്രധാനമായും നോക്കുന്നത് അപേക്ഷകൻ ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പ്രതിയാണോ എന്നത് മാത്രമാണ്. കർഷക സമരത്തെ തുടർന്ന് രാജ്യത്താകെ സമൂഹമാദ്ധ്യമങ്ങളിലൂടെ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാകുന്നുണ്ട്. ഇവ തടയുന്നതും ഈ നടപടിയുടെ ഭാഗമാണെന്ന് വലിയ വിമർശനം സംസ്ഥാനത്തുണ്ട്.