ബാബു ഇന്ന് കേരളത്തിലേക്കു മടങ്ങും; നാലു പതിറ്റാണ്ടിന്‍റെ നാണയ സമ്പാദ്യവുമായി

ദുബായ്: അന്നൊരു അവധിക്കാല ആഘോഷത്തിനെത്തുമ്പോൾ വി.വി.കെ. ബാബു കരുതിയിരുന്നില്ല, ദുബായ് തനിക്കായ് കാത്തുവച്ചത് നാലു പതിറ്റാണ്ടു നീളുന്ന പ്രവാസമാണെന്ന്. ബന്ധുവിനെ കാണാനായി 1977ൽ ദുബായിലെത്തിയ വി.വി.കെ. ബാബു എന്ന മലയാളി തന്‍റെ പ്രിയ നഗരത്തെ വിട്ട് ഇന്ന് (ശനിയാഴ്ച) നാട്ടിലേക്കു മടങ്ങുമ്പോൾ കൈമുതലായുള്ളത് പ്രവാസം നൽകിയ ഓർമകൾ മാത്രമല്ല, നാൽപ്പത്തി മൂന്നു വർഷത്തിനിടെ ശേഖരിച്ച അപൂർവ നാണയസമ്പാദ്യം കൂടിയാണ്. വിവിധ ലോകരാജ്യങ്ങളുടെ ചരിത്രം പേറുന്ന നാണയങ്ങളുടെ വൻ ശേഖരമാണ് ഇക്കാലയളവിൽ ബാബു സ്വന്തമാക്കിയത്.

നാടുകാണാനെത്തിയ കാസർഗോഡ് ബേക്കൽ സ്വദേശിയായ ബാബുവിന് അവിചാരിതമായി കരാമയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചതോടെയാണ് ജീവതത്തിൽ വഴിതിരിവായത്. അക്കാലത്ത് അവിടെ ആകെയുണ്ടായിരുന്നത് ഒരു സൂപ്പർമാർക്കറ്റ് മാത്രം. മൂന്നു കെട്ടിടങ്ങളിലായുള്ള സൂപ്പർമാർക്കറ്റിന്‍റെ സ്റ്റോർ ഇൻ ചാർജ് ആയി ജോലിയിൽ പ്രവേശിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ജോലിയിൽ വച്ചടി കയറ്റം. ഇന്നിപ്പോൾ 63ാം വയസിൽ നാട്ടിലേക്കു തിരിക്കുമ്പോൾ, യുഎഇയിലെ വൻ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ സീനിയർ മാനേജർ പദവികൾ കൈകാര്യം ചെയ്തതിന്‍റെ അനുഭവ പരിജ്ഞാനം അദ്ദേഹത്തിന് കൈമുതലാണ്. ഉപദേശത്തിനായി ഇപ്പോഴും ഈ മേഖലയിൽനിന്ന് ബാബുവിനെത്തേടി വിളികളെത്തുന്നു.

1980കളിലാണ് ബാബു നാണയശേഖരത്തിലേക്കു തിരിയുന്നത്. ജോലി സംബന്ധമായ യാത്രകളിൽ വിദേശരാജ്യങ്ങളിൽനിന്ന് നാണയങ്ങൾ ശേഖരിച്ചു. എവിടെപ്പോയാലും അവിടത്തെ നാണയങ്ങൾ കണ്ടെടുക്കുന്നതിലായിരുന്നു കമ്പം. ഓൾഡ് മാർക്കറ്റുകളിലും ഫ്രൈഡേ മാർക്കറ്റുകളിലും കറങ്ങിത്തിരിഞ്ഞു. പരിചയക്കാരോടൊക്കെ നാണയങ്ങൾ ശേഖരിച്ചു നൽകാൻ അഭ്യർഥിച്ചു. 1846ൽ ബ്രിട്ടിഷുകാർ ഇന്ത്യയിൽ ഇറക്കിയ നാണയം മുതൽ അറബികൾ വിനിമയത്തിനുപയോഗിച്ചിരുന്ന ചെമ്പു കഷ്ണങ്ങൾ വരെ ശേഖരത്തിലുണ്ട്. യുകെയുടെ ലിമിറ്റഡ് എഡിഷൻ കോയിനുകൾ ശ്രദ്ധേയം.

നാണയങ്ങൾ വിൽക്കുന്നതിനെക്കുറിച്ചോ ആർക്കെങ്കിലും മറിച്ചുനൽകുന്നതിനെപ്പറ്റിയോ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്ന് ബാബു പറയുന്നു. കുടുംബത്തെ പിരിഞ്ഞ് പ്രവാസം ജീവിതം നയിക്കുമ്പോൾ പലപ്പോഴും തനിക്ക് ഊർജം പകർന്നത് ഈ നാണയങ്ങളാണ്. ഇതിനു വിലയിടുക സാധ്യമല്ല. അത്രമേൽ സ്നേഹമാണ്. പലർക്കും യുഎഇ രണ്ടാംവീടാണെങ്കിൽ തനിക്ക് ഒന്നാംവീടാണെന്നു പറയാൻ ബാബുവിന് മടിയില്ല. ജീവിതത്തിന്‍റെ മുക്കാൽ പങ്കും പിന്നിട്ട രാജ്യം തന്നെയാണ് ഒന്നാമത്. യുഎഇ ആണ് ജീവിതത്തിൽ എല്ലാം തന്നത്. ബാബുവിന്‍റെ രണ്ടു കുട്ടികളും പഠിച്ചതും വളർന്നതും ഇവിടെതന്നെ.

നാട്ടിൽ തിരിച്ചെത്തിയാൽ ചെറുപ്പത്തിൽ പഠിച്ച സ്കൂളിൽ നാണയങ്ങളുടെ പ്രദർശനം നടത്തണമെന്നതാണ് ബാബുവിന്‍റെ ആഗ്രഹം. പല കമ്പനികളും ഉപദേശത്തിനായി സമീപിക്കുന്നതിനാൽ പാർട്ട് ടൈം ബിസിനസ് കൺസൾട്ടന്‍റായി പ്രവർത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

പ്രവാസജീവിതത്തിലും നാണയശേഖരണത്തിലും എന്നും കരുത്തായി കൂടെനിന്നത് കുടുംബമാണ്. കൂടാതെ , ജോലി ചെയ്ത സ്ഥാപങ്ങൾ നൽകിയ പിന്തുണയും മറക്കാവുന്നതല്ല. വളർച്ചയുടെ ഓരോ പടവിലും കൂടെ നിന്ന ഇവർക്കെല്ലാം എങ്ങനെ നന്ദി പറയാനാകുമെന്ന് ബാബു ചോദിക്കുന്നു.