റിയാദ്: നിയമം പാലിക്കാതെ സ്ഥാപിച്ച എ.ടി.എമ്മുകള്‍ സൗദിയില്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനില്‍ 38 എടിഎമ്മുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു.
ശമ്പളം ലഭിക്കുന്ന മാസാവസാന ദിവസങ്ങളില്‍ എ.ടി.എം പൂട്ടിയപ്പോള്‍ കുടുങ്ങിയത് പ്രവാസികളടക്കമുള്ളവരാണ്. പൊതുവെ ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് 25 മുതല്‍ അടുത്തമാസം അഞ്ചുവരെ. എന്നാല്‍ ഇന്നലെ പണം എടുക്കാനെത്തിയവര് എടിഎം അടച്ചതിനാല്‍ നിരാശരായി തിരിച്ചുപോകേണ്ടിവന്നു.
ലൈസന്‍സിംഗ് നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച എടിഎമ്മുകളാണ് അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ എടിഎമ്മുകളൊക്കെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയായിരുന്നു. അവയൊന്നും ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. എടിഎമ്മുകള്‍ മാത്രമല്ല, പല ബാങ്കുകളുടെയും ശാഖകളും ഇതേപോലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അവയ്ക്കെതിരേയും നടപടികള്‍ സ്വീകരിച്ചുവരികായണെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദി ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോയുടെ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കണ്ടെത്തിയത്. ഇത്തരത്തില്‍ 65 ബാങ്ക് ബ്രാഞ്ചുകള്‍ക്കെതിരേയും നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കാതെ പ്രവര്‍ത്തിക്കുന്ന ജസാനിലെ ബാങ്കുകള്‍ മൂന്നു കോടി റിയാല്‍ ഫൈന്‍ ഇനത്തില്‍ നല്‍കാനുണ്ടെന്നും സൗദി ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ വ്യക്തമാക്കി. പിഴ അടയ്ക്കുകയും ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമേ അടച്ചുപൂട്ടിയ എടിഎമ്മുകള്‍ തുറക്കാന്‍ അനുവദിക്കൂ.