ഫാഷന്‍ ഡിസൈന്‍ ടെക്നോളജി രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സൗദി അറേബ്യ. ഈ രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും ഫാഷന്‍ സംരംഭകര്‍ക്ക് പിന്തുണ നല്കുന്നതിനുമായി ഫാഷന്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി സാംസ്ക്കാരിക മന്ത്രാലയം.
ഇതിന്റെ ഭാഗമായി നടക്കുന്ന സൗദി ഫാഷന്‍ ഹാക്കത്തോണിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. താല്പര്യമുള്ളവര് https://engage.moc.gov.sa/fashion_incubation എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
ഫാഷന്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടമാണ് ഫാഷന്‍ ഹാക്കത്തോണ്‍. രജിസ്റ്റര്‍ ചെയ്യുന്നവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരം സംഘടിപ്പിക്കുക. ഫാഷന്‍ രംഗത്ത് രാജ്യം നേരിടുന്ന സുപ്രധാന വെല്ലുവിളകള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് മല്‍സരം. ഇതില്‍ ഏറ്റവും മികച്ച പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ടീമിന് മിലാന് ഫാഷന്‍ വീക്കില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് അവസരം നല്‍കും. ആഗോള ഫാഷന്‍ ഡിസൈന്‍ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിന് വേണ്ടിയാണിത്. വിജയികളാവുന്ന മറ്റ് ടീമുകള്‍ക്ക് കാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള പാരിതോഷികങ്ങള്‍ ലഭിക്കും.
ഫാഷന്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ ബൂട്ട് ക്യാംപുകള്‍ സംഘടിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ഓണ്‍ലൈനായി നടക്കുന്ന അഞ്ച് ദിവസത്തെ വെര്‍ച്വല്‍ ക്യാംപുകളില്‍ ഫാഷന്‍ രംഗത്തെ പുതുരീതികളെ കുറിച്ചും സംരംഭകത്വ സാധ്യതകളെ കുറിച്ചും മല്‍സരാര്‍ഥികളെ പരിചയപ്പെടുത്തും. ഈ രംഗത്ത് കൂടുതല്‍ ആശയങ്ങള്‍ രൂപീകരിക്കാനും പരസ്പരം ബന്ധപ്പെടുവാനും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി ആശയവിനിമയം നടത്താനും ബൂട്ട് ക്യാംപുകള്‍ വഴി അവസരമൊരുക്കും.
ഫാഷന്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബേബി സിറ്റര്‍. ഈ മേഖലയില്‍ കൂടുതല്‍ മികച്ച പരിശീലനവും സഹായവും നല്കി സംരംഭകത്വം പ്രോല്‍സാഹിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളാണിത്. മികച്ച ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സാമ്പത്തിക സഹായവും പരിശീലനവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ഫാഷന്‍ ബ്രാന്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്.