ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി 1162 അവശ്യ സേവന രേഖകളാണ് വിതരണം ചെയ്തത്. മുണ്ടക്കൈ-ചൂരല്‍മല-അട്ടമല ഉരുള്‍പൊട്ടലില്‍ വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐ.ഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ കാര്‍ഡ്, പെന്‍ഷന്‍ മസ്റ്ററിങ്, യു.ഡി.ഐ.ഡി, വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പടെയുള്ള പ്രാഥമിക രേഖകളാണ് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത്. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, അക്ഷയ, വിവിധ വകുപ്പുകളും സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സേവനങ്ങള്‍ക്കായി ക്യാമ്പില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നും ക്യാമ്പുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട് മുണ്ടക്കൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.